അജോ രാമച്ചനാട്ട്
താസ്ലീമ നസ്റിന്റെ ‘ലജ്ജ’, ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ഒരു നോവലാണ്. ബംഗ്ലാദേശ് ഗവൺമെന്റ്റ് അത് നിരോധിക്കുകവരെ ചെയ്തു. ഇന്ത്യാചരിത്രം കടന്നുപോയ വളരെ കലുഷിതമായ ഒരു സാഹചര്യത്തിൽ പതിമൂന്നു ദിവസം ദുരിതമനുഭവിച്ച ഒരു കുടുംബത്തിന്റെ കഥയാണത്. സുരഞ്ജൻ എന്ന വ്യക്തിയാണ് ഒരു പ്രധാന കഥാപാത്രം.
ആകെ അസ്വസ്ഥമായ ഒരു രാഷ്ട്രീയസാമൂഹികപശ്ചാത്തലം. തെരുവിലേക്ക് ഇറങ്ങുമ്പോഴും ആളുകൂടുന്നിടത്ത് ചെല്ലുമ്പോഴും ആരും സുരഞ്ജനെ ശ്രദ്ധിക്കുന്നില്ല. സ്വയം മുഖം മില്ലാത്തവനായി അയാൾക്ക് അനുഭവപ്പെടുകയാണ്. ആർക്കും മുഖം കൊടുക്കാതെ അയാളും!
ജോസഫിനെയും മറിയത്തെയും ഓർക്കുന്നു. അവരും മുഖമില്ലാത്തവരായിരുന്നു! ആർക്കും മുഖം നൽകാത്തവർ. വിവാഹപൂർവഗർഭം സ്വമനസ്സാ സ്വീകരിച്ചതിൻ്റെ പേരിൽ യൗസേപ്പ് വളരെ ഒറ്റപ്പെടുന്നുണ്ട്. ആർക്കും മുഖം കൊടുക്കാതെ അങ്ങാടിയിലേക്ക് പോകുന്ന ജോസഫ്.
വെള്ളമെടുക്കാൻ പുറത്തിറങ്ങുന്ന മറിയം ആർക്കും മുഖം കൊടുക്കാതെ വേഗം വീടിനുള്ളിലേക്ക് പിൻവലിയുകയാണ്. സെൻസസ് എടുക്കാൻ ദൂരേക്ക് യാത്ര പോകുമ്പോഴും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുന്ന, മുഖം ഒളിപ്പിക്കുന്ന ജോസഫും മറിയവും. സത്രക്കാരൻ്റെ നിരസനം കേട്ട് വാടുന്ന മുഖം മറിയത്തിൽ നിന്ന് ഒളി പ്പിക്കുന്ന ജോസഫ്. നിറയുന്ന തന്റെ കണ്ണുകൾ ഭർത്താവ് കാണാതിരിക്കാൻ ദൂരെ മറ്റേതോ ദിക്കിലേക്ക് മുഖം തിരിക്കുന്ന മറിയം. ഉത്തരമില്ലായയുടെ ഇരുട്ടിലേക്ക് ഇറങ്ങുമ്പോൾ കണ്ണുനിറയുന്നത് പരസ്പ്പരം കാട്ടാതിരിക്കാൻ മുഖം കുനിക്കുന്ന ജോസഫും മറിയവും.
കാലിത്തൊഴുത്തിന് മുമ്പിൽച്ചെന്ന് ഇടയന്മാരോട് കെഞ്ചുമ്പോഴും ആട്ടിയോടിക്കൽ ഭയന്ന് ഇരുട്ടിൽ മുഖമൊളിപ്പിച്ച് കാണും ആ സാധുക്കൾ! അനുദിനജീവിതത്തിൻ്റെ മുക്കിലും മൂലയിലും തിരഞ്ഞാലറിയാം, മുഖമൊളിപ്പിക്കുന്ന എത്രയോ പേർ നമുക്കൊപ്പമുണ്ടെന്ന്!
നാട്ടുകാരിൽനിന്ന്…
സ്വന്തം വീട്ടുകാരിൽനിന്ന്…
ചിലപ്പോൾ ജീവിതപങ്കാളിയിൽ നിന്ന്…
മേലുദ്യോഗസ്ഥനിൽ നിന്ന്…
ഹെഡ്മാഷിൽ നിന്ന്…
മകന്റെ ക്ലാസ് ടീച്ചറിൽ നിന്ന്…
വാടകക്കാരനിൽ നിന്ന്…
പലിശക്കാരിൽ നിന്ന്…
പറ്റുകടക്കാരന്റെ കത്തുന്ന നോട്ടത്തിൽ നിന്ന്…
കൂവിയാർക്കുന്നവരിൽ നിന്ന്…
മുഖം ചുളിക്കുന്നവരിൽ നിന്ന്…
ചിലപ്പോൾ കണ്ണാടിയിൽ തെളിയുന്ന സ്വന്തം കണ്ണുകളിൽ നിന്ന്…
ഒക്കെ ഓടിയൊളിക്കുന്നവർ…
ചിലപ്പോൾ മുഖം മറയ്ക്കുന്നവർ നമ്മളും!
കാരണങ്ങൾ പലതാവും.
എന്തുചെയ്യാം, ജീവിതമായിപ്പോയില്ലേ?
ഉന്താതെ തരമില്ലല്ലോ!
എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരും യഹൂദർ കല്ലെറിയാൻ ഓങ്ങുന്ന പാപിനിയും ബെത്സെയ്ദാ കുളക്കരയിൽ കിടന്നവനുമൊക്കെ മുഖമൊളിപ്പിച്ചവർ തന്നെ!
ഇനിയാണ് ട്വിസ്റ്റ്..
സുഹൃത്തേ, വേദപുസ്തകം തരുന്ന ആശ്വാസമെന്താണെന്നറിയാമോ? ഇരുളിൽ മുഖമൊളിപ്പിച്ചവർക്ക് കണ്ണുനിറയെ കാണാൻ ദൈവം തമ്പുരാൻ സ്വന്തം മുഖം അവർക്ക് നൽകുകയാണ്. ഒരിക്കൽ അവനുവേണ്ടി മറ്റുള്ളവരിൽ നിന്ന് മുഖമൊളി ക്കേണ്ടിവന്ന ജോസഫിനും മറിയത്തിനും പിന്നീട് അവന്റെ മുഖക്കാഴ്ചയുടെ ഉത്സവകാലമായിരുന്നില്ലേ? ഏറ്റവും കുറഞ്ഞത് ക്രിസ്തുവിന്റെ മുപ്പതു വയസ്സുവരെ ആ അപ്പനുമമ്മയും അവന്റെ മുഖം കണ്ട് എത്രയോ ആനന്ദിച്ചിരിക്കണം.
എമ്മാവൂസിലേക്കുള്ള വഴിയിൽ ഇരുളിൽ മുഖമൊളിപ്പിച്ചവരും, മണലിൽ മുഖം പൂഴ്ത്തി മരണം കാത്തുകിടന്നവളും, കുളക്കരയിൽ മുഖം നഷ്ടപ്പെട്ടവനും ദൈവം തൻ്റെ മുഖം വിട്ടുനൽകുകയാണ്, പരിധിവയ്ക്കാതെ!
മുഖമൊളിപ്പിക്കുന്നവർ ധാരാളമുണ്ട് നമുക്കു ചുറ്റും. ജീവിതത്തിൻ്റെ ഏതെങ്കിലും ഇടനാഴികളിൽ വച്ച് അവരെ നമ്മൾ കാണുന്നുമുണ്ട്. അവരോടൊക്കെ പറയണം, നിനക്കായി നിന്റെ ദൈവം ആനന്ദത്തിൻ്റെ വർണ്ണക്കാഴ്ചകൾ ഒരുക്കുന്നുണ്ടെന്ന്.