Wednesday, January 22, 2025

അന്യോന്യം

‘നല്ലതും മോശവുമായ എല്ലാ മരങ്ങളുടെയും വേരുകള്‍ ഭൂമിയുടെ  നിശ്ശബ്ദ ഹൃദയത്തില്‍ കെട്ടിപ്പുണര്‍ന്നു കിടക്കുകയാണ്’ എന്ന് പ്രവാചകകവിയായ ജിബ്രാന്‍ പറയുമ്പോള്‍ അതു മരങ്ങളെ ക്കുറിച്ചു മാത്രമല്ലെന്നു മനസ്സിലാകാന്‍ നിങ്ങളൊരു  കവിയൊന്നും ആയിരിക്കണമെന്നില്ല, സാമാന്യബുദ്ധിമതി. തനിച്ചൊരു നിലനില്പ് സാധ്യമല്ലാത്തവിധം അത്രമേല്‍ അന്യോന്യം ആശ്രയിച്ചു നി ല്ക്കുന്ന മനുഷ്യനെ നിര്‍വചിക്കാന്‍ ഇ തിലും നല്ല ഒരു രൂപകമുണ്ടോ? മനുഷ്യനെക്കുറിച്ച് ഇത്രയെങ്കിലും ധാരണയുണ്ടെങ്കിലേ അമിതമായ സമ്മര്‍ദ്ദങ്ങളില്ലാതെ ഈ ചെറിയ ആയുസ് ജീവി ച്ചുതീര്‍ക്കാനാവൂ. എത്ര ചെറിയ കാര്യങ്ങളിലുള്ള ശാഠ്യങ്ങള്‍ കൊണ്ടാണ് ജീ വിതത്തെ നമ്മളിങ്ങനെ ഞെരുക്കമുള്ളതാക്കുന്നത്. അത്തരം കാര്യങ്ങള്‍ കൊ ണ്ട് മറ്റുള്ളവരുടെ മാത്രമല്ല നമ്മുടെ ജീവിതവും ഒരുപോലെ നുറുങ്ങുകയാണ്. അപരനു നല്കുന്ന അനുഭവങ്ങളൊ ക്കെ അതേ ആയത്തില്‍ നമ്മിലേക്കും തിരിച്ചെത്തുന്നു.

കഴിഞ്ഞൊരു ദിവസം ഒരു മരണ വീട്ടില്‍ ചെന്നതായിരുന്നു. അയാളുടെ വയോധികയായ ഭാര്യ കരഞ്ഞുതളര്‍ന്ന് അടുത്ത മുറിയില്‍ കിടക്കുന്നുണ്ട്. ആ ശ്വസിപ്പിക്കാന്‍ വാക്കുകളൊന്നുമില്ലാതെ പുറത്തേക്കിറങ്ങുമ്പോള്‍ മകന്‍ പറഞ്ഞു. ജനിച്ചനാള്‍ തൊട്ട് ഇന്നേവരെ അപ്പനും അമ്മയും തമ്മില്‍ സ്‌നേഹത്തോടെ സംസാരിക്കുന്നതു കണ്ടിട്ടില്ല. നടുക്കം തോ ന്നി. ഏതാണ്ട് അന്‍പതു വര്‍ഷത്തോളം ഒരേ മേല്‍ക്കൂരയ്ക്കു കീഴെ, ഒരേ ശയ്യ പങ്കിട്ട് ജീവിച്ച രണ്ടുപേര്‍ എങ്ങനെ ഇതുപോലെ അവരുടെ ജീവിതകാണ്ഡം പൂര്‍ത്തിയാക്കി. ഇങ്ങനെ ജീവിക്കാനായിരുന്നോ അവരെ തമ്മില്‍ ദൈവം യോജിപ്പിച്ചത്. പുഞ്ചിരി മാഞ്ഞ ആ രണ്ടുമുഖങ്ങളും ഓര്‍ത്തെടുത്തപ്പോള്‍ മകന്‍ പറഞ്ഞതു ശരിയാണെന്നു തോന്നി. സ്‌നേഹം മാത്രം മൂലധനമായിരുന്ന ഒരു കാലത്ത് ഒരുമിച്ചു ജീവിച്ചു തുടങ്ങിയ രണ്ടുപേര്‍ ഒടുവില്‍ സ്‌നേ ഹിക്കാന്‍ ഒരു കാരണവുമില്ലെന്ന മട്ടില്‍ പരസ്പരം അപരിചിതരെപ്പോലെ ജീവിതത്തില്‍ നിന്നു പടിയിറങ്ങുക… എന്തൊരു ദുരന്തമാണത.് ജീവിതം മുഴുവന്‍ അന്യോന്യം പോരാടി അവസാനിപ്പിച്ചു. ഇനിയിപ്പോള്‍ ഒന്നു കലഹിക്കാന്‍ പോലും ഒരാളില്ലാതെ എത്രനാള്‍ അവളിനി ഒറ്റയ്ക്ക്…

ഒരു നിഴലെങ്കിലും കൂട്ടില്ലാതെ മനുഷ്യനു ജീവിക്കാനാവില്ല. സൃ ഷ്ടിയെ ആധാരമാക്കി നിര്‍മിച്ചിട്ടുള്ള ഒരു ചലച്ചിത്രത്തില്‍ മനോഹരമായ ഒരു ദൃശ്യമോര്‍ക്കുന്നു. തന്നെപ്പോലെ വേറൊരാളെ കണ്ടെത്താനാകാതെ കഠിനമായ ഏകാന്തതയില്‍ പെട്ടുപോയ ആദം വെള്ളത്തിലെ തന്റെ പ്രതിരൂപത്തോട് ചങ്ങാത്തത്തിലാകുന്നു.  ആ കാഴ്ചയാണ് അവനൊരു കൂട്ടുവേ ണമെന്ന് നിശ്ചയിക്കാന്‍ ദൈവത്തെ പ്രേരിപ്പിച്ചത്. അങ്ങനെ വരുമ്പോള്‍ പരസ്പരം ആലംബമാവുകയാണ് മനുഷ്യന്‍ എന്ന നിലയില്‍ നമുക്ക് അങ്ങോ ട്ടുമിങ്ങോട്ടുമുള്ള ഏക ധര്‍മമെന്നു വരുന്നു.

ആ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവാത്ത വിധം മനുഷ്യര്‍ തമ്മില്‍ ഏതോ ചില കാണാചരടുകള്‍ കൊണ്ട് അന്യോന്യം ബന്ധിക്കപ്പെട്ടിട്ടുണ്ട്. നമുക്ക് പരസ്പരം ആവശ്യമുണ്ട്, നമ്മള്‍ കരുതുന്നതിനെക്കാള്‍ കൂടുതലായി. അണച്ചുപിടിക്കാന്‍ മാത്രമല്ല തള്ളിപ്പറയാനും എനിക്കൊരാള്‍ വേണം. എനിക്കൊന്നു ചിരിക്കാനും കലഹിക്കാനും പരിഭവം പറയാനും നിന്നെ ആവശ്യമുണ്ട്. വായിക്കാന്‍ നീയില്ലെങ്കില്‍ ഞാനാര്‍ക്കുവേണ്ടി ഈ വരികള്‍ കുറിക്കണം.

എല്ലാ മനുഷ്യരുടെയും ഉള്ളില്‍ നിഗൂഢമായിരിക്കുന്ന രസങ്ങളും ഒന്നു തന്നെ. അല്ലെങ്കില്‍ ഒരു ദുരന്തത്തില്‍ മരിച്ചുപോയൊരാള്‍ ആരുമല്ലാതിരുന്നിട്ടും അയാളുടെ ഉറ്റവരോടൊപ്പം എന്തിനാണ് നിങ്ങളുടെ മിഴികളും നിറയുന്നത്? ഒരു രോഗിയുടെ കിടക്കയ്ക്കരുകില്‍  എന്തുകൊണ്ടാണ് നിങ്ങള്‍ നിശ്ശബ്ദമാകുന്നത്. മറ്റൊരാളുടെ മുറിവു കാണുമ്പോള്‍ നിങ്ങളുടെ ശിരസ്സിലൂടെ എന്തിനാണ് ഒരു മിന്നല്‍പിണര്‍ പായുന്നത്. ഒരാള്‍ നിങ്ങളെ നോക്കി ചിരിക്കുമ്പോള്‍ ആ ചിരി എങ്ങനെയാണ് അതേ നിമിഷം തന്നെ നിങ്ങളിലേക്ക് പടരുന്നത്? എന്നിട്ടും അന്യോന്യം കണ്ടില്ലെന്നു നടിച്ച് നമ്മളെങ്ങോട്ടാണ് പോകുന്നത്. ഒരു കാക്കയ്ക്ക് മറ്റൊന്നിനോടുള്ള പരിഗണനപോലും ഇല്ലാതെ? കണ്ടില്ലേ, അപകടത്തില്‍ പെട്ട് ജീവനുവേണ്ടി പിടയുന്ന ഒരാളെ അവഗണിച്ച് കടന്നുപോകുവാന്‍ നമുക്കൊരു പ്രയാസവും ഇല്ലെന്നായിരിക്കുന്നു. അല്ല, അവഗണി ച്ചു എന്നു പറയുന്നത് പൂര്‍ണമായും ശരിയല്ല. മൊബൈല്‍ ഫോണില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ ലൈവായി പകര്‍ ത്താന്‍ കുറച്ചുനേരം അവിടെ നില്ക്കുന്നുണ്ട് നമ്മള്‍!

മനുഷ്യരെ കുറെക്കൂടി ചേര്‍ത്തുപിടിക്കുകയാണ് നമ്മുടെ ജീവിതം കൊ ണ്ട് ചെയ്യാവുന്ന ഏറ്റവും വലിയ സുകൃതമെന്നു തോന്നുന്നു. ധ്യാനമില്ലാത്തതുകൊണ്ടുമാത്രമാണ് ഈ കാണുന്ന മനുഷ്യരൊക്കെ അന്യരെന്നു തോന്നുന്നത്. ഒരു കണ്ടുമുട്ടല്‍പോലും യാദൃച്ഛികമെ ന്നു കരുതരുത്. എല്ലാം നമുക്കുവേണ്ടി നേരത്തേ ക്രമീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു യാത്രയ്ക്കിടയില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരാളായിരിക്കും നിങ്ങള്‍ക്കു വഴിപറഞ്ഞുതരാന്‍ അവിടെ കാത്തുനില്ക്കുന്നത്. യാത്രയില്‍ ഉണ്ടായേക്കാവുന്ന ഒരപകടത്തില്‍ ആരായിരിക്കും നിങ്ങളെ ആശുപത്രിയിലെത്തിക്കാന്‍ പോകുന്നത്. കണ്ടുമുട്ടുന്നത് ആരുമാകട്ടെ, നമുക്കന്യോന്യം  എന്തൊക്കെയോ കൈമാറാനുണ്ട്.

അങ്ങനെയെങ്കില്‍ നമുക്കിടയില്‍ രൂപപ്പെടുന്ന ബന്ധങ്ങള്‍ക്കിടയില്‍ എത്ര വലിയ നിയോഗങ്ങളായിരിക്കും അവിടുന്ന് കരുതിവച്ചിട്ടുള്ളത്. എന്നിട്ടും എ ത്ര ഗൗരവത്തില്‍ നാം നമ്മുടെ ഉറ്റവരെ പരിഗണിക്കുന്നുണ്ട് ?  അതിപരിചയംകൊണ്ട് പരസ്പരം അപരിചിതരെപ്പോ ലെ മനുഷ്യര്‍ കഴിയുന്ന ഇടമായി വീട് പലപ്പോഴും മാറുന്നുണ്ട്. പരസ്പരമുള്ള നന്മയില്‍പ്പോലും നമുക്കു വിശ്വാസമില്ല. വീടിനുപുറത്ത് നീതിമാന്മാരെന്നു ഗണിക്കുന്ന മനുഷ്യര്‍പോലും വീട്ടില്‍ മിക്കവാറും അങ്ങനെയാവുന്നില്ല തോ ബിത്തിനെപ്പോലെ. കാഴ്ചനഷ്ടപ്പെട്ട തോബിത്ത് നിസ്സഹായനായി കഴിയുന്ന കാലം. അയാളുടെ ഭാര്യ അദ്ധ്വാനിച്ചാണ് വീട് പുലരുന്നത്. ഒരിക്കല്‍ അവള്‍ക്കു കൂലിക്കു പുറമെ ഒരാട്ടിന്‍കുട്ടിയെക്കൂടി യജമാനന്‍ കൊടുത്തു. പക്ഷേ, തോബിത്തതു വിശ്വസിക്കുന്നില്ല. അതവള്‍ കട്ടെടുത്തതാണെന്നാണ് അയാളുടെ ശാഠ്യം. അപ്പോള്‍ അവള്‍ ഇങ്ങനെ സങ്കടപ്പെട്ടു:  നിന്റെ ദാനധര്‍മങ്ങളും സത്പ്രവൃത്തികളും എവിടെ? അന്നയുടെ ഈ ചോദ്യം മുഴങ്ങാത്ത ഏതെങ്കിലും വീട് നമുക്കിടയിലുണ്ടാകുമോ? ഇത്രയുംനാള്‍ ഒരുമിച്ചുകഴിഞ്ഞിട്ടും ഇങ്ങനെയൊരധര്‍ മം ഇയാള്‍ ചെയ്യില്ലെന്ന് ഉറപ്പുപറയാന്‍ നമുക്കു കഴിയാത്തതെന്താണ്. എത്ര പെട്ടെന്നാണ് ഉറ്റവരെക്കുറിച്ചുള്ള അവിശ്വാസത്തിന്റെ വിത്തുകള്‍ നമ്മുടെ നെഞ്ചില്‍ വീഴുന്നത്.

ഓരോരുത്തരും എന്റെ തന്നെ വിശാലരൂപങ്ങള്‍ എന്നു കരുതാനായാല്‍ കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമാകുന്നു. അല്ലാത്തിടത്തോളം കാലം നമ്മളിങ്ങനെ ഒറ്റപ്പെട്ടും അന്യോ ന്യം ഒറ്റപ്പെടുത്തിയും ജീവിത ത്തെ ഭാരമുള്ളതാക്കി കടന്നുപോകും. ഒരാള്‍ മറ്റൊരാളെ തന്നെപ്പോലെതന്നെ കാണാന്‍ തുടങ്ങുന്നതു വഴി അയാള്‍ തന്നെത്തന്നെയാണ് സഹായിക്കാന്‍ പോകുന്നത്. അപ്പോള്‍ മുതല്‍ തീരെ ചെറുതായിരുന്ന ആ ഹൃദയം അതിരുകളില്ലാത്ത വിധം വികസിക്കാന്‍ പോകുകയാണ്. പിന്നെ അയാളനുഭവിക്കുന്ന സ്വാതന്ത്ര്യവും ഭാരക്കുറവും മറ്റെന്തിനു പകരം വയ് ക്കാനാവും.

ഞാനെന്തിന് മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടണം എന്നതാണ് ഏറ്റവും പ്രയോഗികമായ ചിന്ത. ഇല്ല, നമുക്കു വെറുതെ നാമായിരിക്കാന്‍ സാധിക്കുകയില്ല. ചുറ്റിനുമുള്ള എത്രയോ ഘടകങ്ങളുമായി ബന്ധപ്പെട്ടാണ് എന്റെ നിലനില്പ്. ‘മരത്തിലെ ഒരില വൃക്ഷത്തിന്റെ നിശ്ശബ്ദമായ അറിവോടെ മാത്രമേ പഴുക്കുന്നുള്ളൂ എന്നു പറയുന്നതുപോലെ ഒരു കുറ്റവാളിക്ക് നിങ്ങളുടെ അറിവോടെയല്ലാതെ ഒന്നും ചെയ്യാനാവില്ല’ എ ന്നൊക്കെയാണ് ജിബ്രാന്‍ അതിനെ വിശദീകരിക്കുന്നത്. ‘ഒരു ഘോഷയാത്രയിലെന്നപോലെ നമ്മള്‍ ഒരുമിച്ചാണു സഞ്ചരിക്കുന്നത്. കഠിനഹൃദയന്റെ ചെയ് തികളില്‍ നിന്നു നീതിമാന്റെ കരങ്ങള്‍  ശുദ്ധമായി നില്ക്കുന്നുവെന്നു കരുതണ്ട.  അവിശ്വസ്തയായ കൂട്ടുകാരിയെക്കുറിച്ച് തീര്‍പ്പുകല്പിക്കുന്നതിനു മുമ്പ് അവളുടെ ഭര്‍ത്താവിന്റെ മനോവ്യാപാരങ്ങള്‍ കൂടി തൂക്കിനോക്കണമെന്നും കുറ്റവാളിയെ ചാട്ടവാറെടുത്തു വീശുന്നതിനുമുമ്പ് പരാതിക്കാരന്റെ അഭിമുഖ്യങ്ങ ളെക്കൂടി തിരിച്ചറിയണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.

ജീവിതത്തില്‍ നല്ലതും മോശവുമാ യ അനുഭവങ്ങള്‍ക്കുമുണ്ട് പരസ്പരം ചില ബന്ധങ്ങള്‍. എല്ലാം നമുക്കാവശ്യ മുള്ളവതന്നെ. റാബിയ പാടുന്നതുപോ ലെ: ‘നിന്റെ മേശമേലെത്തുന്നതെല്ലാം ദൈവം തൊടുന്നില്ലെന്നു കരുതുന്നതെ ന്തേ?’ ഒരിക്കല്‍ നമ്മെ വല്ലാതെ വിഷമിപ്പിച്ച കാര്യം വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ അതങ്ങനെതന്നെ സംഭവിക്കേണ്ടതായിരുന്നു എന്നു നമുക്കും തോന്നിയിട്ടില്ലേ. ചില പരാജയങ്ങളാണ് നമ്മളെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ദുരിതങ്ങള്‍ എനിക്കുപകരിച്ചു, അവമൂലം ഞാന്‍ പ്രമാണങ്ങള്‍ പഠിച്ചു എന്ന് സങ്കീര്‍ത്തകന്‍ പാടുന്നു. ഈ ലേഖനത്തിലെ കുത്തിനും കോമയ് ക്കും ഓരോരോ അര്‍ത്ഥങ്ങള്‍ ഉള്ളതുപോലെ എല്ലാ അനുഭവങ്ങളും ചേര്‍ ന്നാണ് ഇന്നത്തെ ഞാനുണ്ടായത്.

ഒരു പ്രാപഞ്ചികബോധം വളര്‍ത്തിയെടുക്കുകയാണ് ഈയൊരു മനോനിലയിലെത്താനുള്ള മറ്റൊരു മാര്‍ഗം. ബോധോദയം ലഭിച്ച മനുഷ്യര്‍ക്കൊക്കെ അതുണ്ട്. തിച്ച് നാഥാനെപ്പോലുള്ള ചില  ഗുരുക്കന്മാരൊക്കെ അതിനുവേണ്ടി മാത്രം ശ്രമിക്കുന്നവരാണ്. മനുഷ്യന്‍ മാത്രമല്ല പ്രപഞ്ചം മുഴുവനും അന്യോന്യം എത്ര ആഴത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഒന്നില്ലാതെ മറ്റൊന്നിന് നിലനില്പില്ലാത്ത വിധത്തിലാണ് ദൈവം കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അല്പസമയം പ്രകൃതിയിലേക്കൊന്ന് നിശ്ശബ്ദമായി നോക്കിനില്ക്കാന്‍ നേരമുണ്ടെങ്കില്‍ പിടികിട്ടുന്ന കാര്യമാണത്. ഒരുദാഹരണത്തിന് നിങ്ങള്‍ക്കല്പം ഭാവനയുണ്ടെങ്കില്‍ ഈ കടലാസില്‍ ഒരു മേഘം ഒഴുകി നടക്കുന്നതു കാണാം.  മേഘമില്ലാതെ മഴയില്ല, മഴയില്ലാതെ മരമില്ല, മരമില്ലാതെ കടലാസില്ല! അതാണതിന്റെ ലോജിക്. കുറച്ചുകൂടി ആഴത്തില്‍  നോക്കിയാല്‍ ഈ കടലാസില്‍ ഇല്ലാത്ത ഒന്നിനെ ചൂണ്ടിക്കാണിക്കാനാ കാതെ നിങ്ങള്‍ കുഴങ്ങും. കാലം, ദേശം, മഴ, മണ്ണ്, സൂര്യന്‍, മേഘം, കടല്‍, ചൂട്, മനുഷ്യന്‍ അങ്ങനെ പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും ഈ നേര്‍ത്ത കടലാസ് ഉള്‍ക്കൊള്ളുന്നു.  പ്രപഞ്ചത്തിലെ ഏതു വസ്തുവാണ് തനിയെ നില്ക്കുന്നത്. വി രിഞ്ഞു നില്ക്കുന്ന ഒരു പൂവും ഒരു വള ക്കുഴിയും തമ്മില്‍ ഭേദമില്ലെന്നു പറയുന്നതൊക്കെ ഈ വെളിച്ചത്തില്‍ നിന്നു കൊണ്ടാണ്. സുഗന്ധം വീശി നില്ക്കു ന്ന ആ പൂവ് നാലോ അഞ്ചോ ദിവസത്തി നുള്ളില്‍ മണ്ണിന് വളമായ് മാറുകയല്ലേ. ആ വളത്തില്‍ നിന്ന് പിറ്റേന്ന് പുതിയൊരു ചെടി കിളിര്‍ത്തുവരുന്നു നിറയെ പൂക്ക ളുമായി.

എങ്കില്‍പിന്നെ മനുഷ്യന്റെ കാര്യത്തില്‍ ആ ബന്ധം അതിനെക്കാള്‍ എ ത്രയോ മടങ്ങ് കൂടുതലായിരിക്കും. നാം മറ്റുള്ളവരുടെയും മറ്റുള്ളവര്‍ നമ്മുടെയുമാണ്. ഞാനിങ്ങനെ ആയിരിക്കുന്നതുകൊണ്ടാണ് അയാള്‍ അങ്ങനെയായിരിക്കുന്നത്. അങ്ങനെയാണ് എല്ലാറ്റിനും എല്ലാവരും ഉത്തരവാദികളാകുന്നത്.

ബന്ധങ്ങള്‍ ചിലന്തിവലപോലെയാണെന്നു പറയുന്നത് എത്രയോ ശരിയാണ്. എവിടെയെങ്കിലും ഒന്നുലഞ്ഞാല്‍മതി, മുഴുവന്‍ വലയും അതോടെ ഉലയുകയാണ്. നമ്മുടെ വീടിന്റെ പരിസരങ്ങളിലൊക്കെ അതു കിറുകൃത്യമാണ്. ഒരാളുടെ മുഖം വാടുമ്പോള്‍ വീടാകെ മൗനത്തില്‍ മുങ്ങുന്നു.

ബൈബിളിലെ ഏതാനും സങ്കല്പങ്ങളാണ് ഈ വിചാരത്തെ പൂര്‍ണമാക്കുന്നത്. ഒരു ശരീരത്തിലെ അവയവങ്ങളെപ്പോല അന്യോന്യം കണക്കാക്കുക എന്നു പറഞ്ഞാണ് പൗലോസ് ഈ ആശയത്തെ വെളിപ്പെടുത്തുന്നത്. ഒരവയവത്തിന്റെ അനുഭവം എല്ലാ അവയവത്തിന്റേതുമാകുന്നതുപോലുള്ള ഒരു ബന്ധം. നല്ല അയല്ക്കാരെപ്പോലെ പര സ്പരം കരുതുക എന്നാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. അങ്ങനെയൊക്കെ ജീവിക്കുന്നതുകൊണ്ട് എന്തു പ്രയോജനം എന്നു ചോദിക്കരുത്. അവര്‍ ഒരിക്കലും വിജയികളുടെ കൂട്ടത്തില്‍ കാണപ്പെട്ടു എന്നുവരില്ല. തോറ്റും മുറിവേറ്റും അലഞ്ഞുമൊക്കെ അ വര്‍ കടന്നുപോയേക്കും. എങ്കിലെന്ത്? ഒരിക്കലും മായ് ച്ചുകളയാനാവാത്തവിധം കാലം അവരുടെ പേര് കല്ലില്‍ കൊത്തി വച്ചിട്ടുണ്ടകും.

ജെറുസലെമില്‍നിന്ന് ജെറിക്കോയിലേക്കുള്ള വഴിയില്‍ മാ ത്രമല്ല നമ്മൂടെ അയല്ക്കാര്‍ വീ ണുകിടക്കുന്നത്. നമ്മുടെ വീടിനകത്തുകൂടിയും ആ റോഡ് അദൃശ്യമായി കടന്നുപോകുന്നുണ്ട്. അവിടെ ആരെങ്കിലും വീണു കിടപ്പുണ്ടെങ്കില്‍ പുറത്താരുമത് അറിയില്ലെന്നൊരു അപകടം കൂടിയുണ്ട്. പലപ്പോഴും അവിടെ ഒരു സ്ത്രീ വീണു കിടപ്പുണ്ടാകും. അമ്മയോ ഭാര്യയോ. ഈ വീട്ടിലെത്തുന്നതിനുമുമ്പ് നൃത്തവും സംഗീതവും കവിതയു മൊക്കെയായി പൂമ്പാറ്റയെപ്പോലെ പാറി നടന്നൊരാള്‍. ഇപ്പോള്‍ അതെല്ലാം കൊള്ളയടിക്കപ്പെട്ട് വീടിന്റ നാലുചുവരുകള്‍ക്കുള്ളില്‍ അടയ്ക്കപ്പെട്ട്… ഒരായുസ്സുമുഴുവന്‍ പുകയേറ്റും കരിപിടിച്ചും വീടിനുവേണ്ടി തേഞ്ഞുതീര്‍ന്ന ചില നിശ്ശബ്ദ സാന്നിദ്ധ്യങ്ങള്‍… ഒരുകാലത്ത് നമുക്കവളെ എത്രമേല്‍ ആവശ്യമായിരുന്നു… ഇപ്പോഴോ…?

ഒടുവില്‍ ഈശ്വരനെന്ന ആ മഹാ ചൈതന്യത്തോട് വേര്‍പിരിയാനാവാത്തവിധം അത്ര അഗാധമായി നമ്മള്‍ ചേര്‍ന്നിരിക്കുന്നു എന്ന ബോധത്തിലെത്തുകയാണ് ഈ വിചാരത്തിന്റെ പരമോന്നതി. ഞാന്‍ നിങ്ങളിലും നിങ്ങള്‍ എന്നിലുമാണെന്ന് പറഞ്ഞ് ക്രിസ്തു അത് മനസ്സിലാക്കിത്തരാന്‍ ശ്രമിക്കുന്നുണ്ട്. എന്തു മനസ്സിലായി?

ഒന്നും മനസ്സിലായില്ലെങ്കിലും ഇത്രയും നമുക്ക് ചെയ്യാനാകും. സെബാസ്റ്റ്യന്‍ പാടുന്നതുപോലെ ‘ഒരമ്മ പെറ്റമക്കളെപ്പോലെ നമുക്കടുത്തു നില്ക്കാം. ഒരു മിന്നല്‍പിണര്‍ നമ്മെ രണ്ടായി മുറിക്കും വരെ’.

സി. ശോഭ സി. എസ്. എന്‍.

Related Articles