സി. ഡോ. അർപ്പിത സി. എസ്. എൻ, സെന്റ് ജൂഡ് കൗൺസിലിംഗ് സെന്റർ അങ്കമാലി
ഓരോരുത്തർക്കും ഓരോ റോളുകളുണ്ട്. കുടുംബജീവിതത്തിലായാലും സാമൂഹികജീവിതത്തിലായാലും അവരവർക്ക് കിട്ടുന്ന വേഷങ്ങൾ മെച്ചപ്പെട്ടതാക്കുക എന്നതാണ് ഓരോരുത്തരുടെയും ഉത്തരവാദിത്വം. അതിനു പകരം മറ്റൊരാൾക്കായി നിശ്ചയിച്ചിരിക്കുന്ന വേഷം കവർന്നെടുക്കാൻ പോകുമ്പോൾ അവിടെ സംഘർഷം ഉടലെടുക്കും. അതുപോലെ മറ്റുള്ളവർക്ക് നിശ്ചയിച്ചു കൊടുത്തിരിക്കുന്ന വേഷങ്ങൾ നന്നായി അവതരിപ്പിക്കാൻ ബന്ധപ്പെട്ടു നില്ക്കുന്നവർ അവസരമൊരുക്കുകയും വേണം. വിവാഹിതരായിട്ട് പത്തുവർഷം കഴിഞ്ഞ ദമ്പതികളും ഭർത്താവിൻ്റെ അമ്മയുമാണ് ഈ സംഭവത്തിലെ കഥാപാത്രങ്ങൾ. ഇതിൽ ഭർത്താവാണ് ആദ്യം കാണാൻ വന്നത്. അമ്മായിയമ്മ മരുമകൾ പ്രശ്നം തന്നെ.
‘എനിക്ക് അമ്മയെയും വേണം. ഭാര്യയെയും വേണം’ ഇതായിരുന്നു ഭർത്താവു പറഞ്ഞ ആവശ്യം. അമ്മയും ഭാര്യയും തമ്മിൽ എന്നും നിസ്സാര കാര്യങ്ങളെ ചൊല്ലിപ്പോലും വഴക്കാണ്. അയാൾ ജോലിക്ക് പോയിക്കഴിയുമ്പോഴായിരിക്കും ഇതു കൂടുതലും. ഓഫീസിലെത്തി ജോലി ചെയ്യാൻ തുടങ്ങുമ്പോഴേക്കും വഴക്കിൻ്റെ വിശദാംശങ്ങളുമായി ഭാര്യയുടെ ഫോൺകോളെത്തും. തൊട്ടുപുറകെ അമ്മയുടെയും.
‘ചിലപ്പോ ദേഷ്യം കയറി തിരികെ വീട്ടിലെത്തി ഭാര്യക്കിട്ട് രണ്ടടി വച്ചു കൊടുക്കും. അമ്മയോട് ദേഷ്യപ്പെടും.’ അയാൾ തുറന്നു പറഞ്ഞു. ഇങ്ങനെ ഭാര്യയെ തല്ലിയത് ഒടുവിൽ കേസായി മാറിയപ്പോഴാണ് ഇവിടെ വന്നത്.
സ്നേഹം പ്രശ്‌നമാകുമ്പോൾ
എല്ലാവരും സ്നേഹം ആഗ്രഹിക്കുന്നവരും സ്നേഹം കൊടുക്കാൻ സന്നദ്ധരുമാണ്. പക്ഷേ, കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന സ്നേഹം കൃത്യമായ രീതിയിലൂടെയല്ലാതെ വരുമ്പോഴാണ് അവിടെ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ഇവിടത്തെ വില്ലനും സ്നേഹമായിരുന്നു. അമ്മയും ഭാര്യയും ഒരാളെത്തന്നെ അധികമായി സ്നേഹിക്കുന്നു. അമ്മ നോക്കുമ്പോൾ അവരുടെ മകനാണ്. ഭാര്യ നോക്കുമ്പോൾ തൻ്റെ ഭർത്താവാണ്. തൻ്റെ മകനായതിനു ശേഷമല്ലേ നിന്റെ ഭർത്താ വായത് എന്നാണ് അമ്മയുടെ ചോദ്യം. വിവാഹത്തോടെ ഭാര്യയ്ക്കാണ് അമ്മയ്ക്കല്ല അവകാശ ക്കൂടുതലെന്നാണ് ഭാര്യയുടെ വാദം. രണ്ടിനുമിടയിൽ വീർപ്പുമുട്ടുകയാണ് ഭർത്താവ്.
ഭർത്താവിന് തന്നെക്കാൾ അമ്മയോടാണ് ഇഷ്ടമെന്നാണ് ഭാര്യയുടെ കുറ്റപ്പെടുത്തൽ. ഭാര്യയുമായി മകൻ കൂടുതൽ സമയം ചെലവഴിക്കുന്നത് കണ്ടാൽ അമ്മയ്ക്ക് കലിയിളകും. അവൻ എപ്പോഴും അവളുടെ വാലേൽ തൂങ്ങി നടക്കുകയാണെന്ന് പറഞ്ഞ്.
കുടുംബം എന്തായിരിക്കണം?
ഇവിടത്തെ പ്രശ്നം ചില സംഭവങ്ങൾ മാത്രമല്ല, കുടുംബം എന്താണ്, അവിടെ ഓരോരുത്തർക്കും എന്താണ് റോൾ, ബന്ധങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നെല്ലാം കൃത്യമായി മനസ്സിലാക്കാത്തതായിരുന്നു. അമ്മയ്ക്ക് അമ്മയുടേതായ റോളുണ്ട്. ഭാര്യയ്ക്ക് ഭാര്യയുടേതും. പുരുഷനാകട്ടെ മകൻ്റെ റോളുണ്ട്, ഭർത്താവിന്റെ റോളുമുണ്ട്. ഈ റോളുകൾ പരസ്‌പരം വച്ചു മാറാനുള്ളതല്ല. ഓരോരുത്തരും അവരവരുടെ റോളുകൾ ആത്മാർഥതയോടും കാര്യക്ഷമതയോടുംകൂടി നിർവഹിക്കേണ്ടതുണ്ട്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കൃത്യമായ രീതിയിൽ നടക്കാത്തതായിരുന്നു ഈ കുടുംബത്തിലെ പ്രശ്‌നങ്ങൾക്ക് കാരണം. മകൻ വിവാഹിതനാകുന്നതിനു മുമ്പ് മകനുവേണ്ടി കൃത്യമായി ചെയ്തതിരുന്ന കാര്യങ്ങളെല്ലാം അമ്മ വിവാഹശേഷവും തുടർന്നുപോന്നു. മകന് ഭക്ഷണം വിളമ്പിക്കൊടുക്കുന്നതുപോലെയുള്
എങ്ങനെ പരിഹരിക്കും?
അമ്മയുടെ റോൾ അമ്മയും ഭാര്യയുടെ റോൾ ഭാര്യയും ചെയ്യട്ടെയെന്നാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം. ഭാര്യയെന്ന നിലയിൽ ഭാര്യയുടെ റോൾ മാത്രമല്ല മരുമകളുടെ റോൾകൂടി അവൾക്കുണ്ട്. ആ കടമ നിർവഹിക്കുന്നതിൽ അവൾ വീഴ്ച വരുത്താൻ പാടില്ല. മകൻ വിവാഹിതനായിക്കഴിയുമ്പോൾ മകനും ഭാര്യയ്ക്കും അവരുടേതായ ഇടം അല്ലെങ്കിൽ സ്പെയ്സ് നല്കാൻ അമ്മയും തയ്യാറാകണം. അവരുടെ എല്ലാകാര്യങ്ങളിലും കയറി ഇടപെടാൻ അമ്മയ്ക്ക് അധികാരമില്ല. ഭർത്താവിനു വേണ്ടി ഭാര്യ ചെയ്യേണ്ട കാര്യങ്ങൾ അമ്മ ചെയ്യരുത്. അമ്മയെന്ന നിലയിൽ മകന് ചെയ്‌തുകൊടുക്കേണ്ട കാര്യങ്ങൾ ചെയ്യുന്നതിൽ ഭാര്യ തടസ്സമാകുകയും ചെയ്യരുത്. മകനും ഇവിടെ ക്യത്യമായ റോളുണ്ട്. അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ഒരുമിച്ചിരുന്ന് സംസാരിക്കാൻ മകനും സമയം കണ്ടെത്തണം. അതുപോലെ അമ്മയുമായും ഭാര്യയുമായും ഒറ്റയ്ക്ക് സമയം ചെലവഴിക്കുകയും വേണം. ഭാര്യയുമായി കൂടിയാലോചിച്ചു വേണം ഭാവി കാര്യങ്ങൾ തീരുമാനിക്കേണ്ടത്. ഭാര്യയെ തനിക്കൊപ്പമുള്ള ഒരു വ്യക്തിയായി പരിഗണിക്കണം. അമ്മയോട് പറയേണ്ട കാര്യങ്ങൾ അമ്മയോടും പറയണം.
വീടുകൾ തമ്മിലുള്ള സംസ്‌കാരവ്യത്യാസം
മകൻ വിവാഹിതനായതിനു ശേഷം ആ കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾക്കെല്ലാം കാരണം അമ്മായിയമ്മയാണെന്ന് ചിലർക്കെങ്കിലും ഒരു ധാരണയുണ്ട്. ഇതെല്ലായ്പ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. വിവാഹിതയായി കടന്നുവരുന്ന പെൺകുട്ടിയോട് അമ്മായിയമ്മ മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുന്നതുകൊണ്ടുമാത്രമല്ല അവിടെ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.
ഒരു സംഭവം പറയാം. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനായി കൗൺസലിംങിന് എത്തിയപ്പോൾ മരുമകൾ അമ്മായിയമ്മയ്ക്കെതിരെ നടത്തിയ ആരോപണം തനിക്കൊരു ലൈറ്റ് ഇടാൻ പോലും അവകാശമില്ല എന്നായിരുന്നു.
താൻ ലൈറ്റ് ഓണാക്കിക്കഴിഞ്ഞാൽ അമ്മായിയമ്മ വന്ന് അത് ഓഫാക്കും. ഇതേക്കുറിച്ച് അമ്മായിയമ്മയോട് ചോദിച്ചപ്പോൾ അമ്മ പറഞ്ഞത്: എന്റെ സിസ്റ്ററേ, മരുമകൾ ലൈറ്റ് ഇട്ടാൽ ആവശ്യം കഴിഞ്ഞാലും അത് ഓഫാക്കില്ല. അടുക്കളയിലും ബാത്ത്റൂമിലുമെല്ലാം ഇതാണ് അവസ്ഥ. കറന്റ് വെറുതെ പാഴാക്കുകയല്ലേയെന്നു വിചാരിച്ച് ഞാൻ ചെന്ന് ഓഫാക്കും. എത്ര രൂപയാ കറന്റ് ബിൽ വരുന്നത്. സൂക്ഷിച്ചുപയോഗിക്കേണ്ടതല്ലേ വെള്ളവും വെളിച്ചവുമൊക്കെ?
സത്യത്തിൽ ഇതായിരുന്നു അവിടെ സംഭവിച്ചതും. അമ്മായിയമ്മ ചെയ്യുന്നതും പറയുന്നതുമെല്ലാം മറ്റൊരു കണ്ണോടെ വിലയിരുത്തിക്കഴിയുമ്പോൾ അവിടെ നല്ലതു കാണാൻ കഴിയാതെ പോകും. ഇത് വ്യക്തിപരമായ കുറവു മാത്രമല്ല രണ്ടുകുടുംബങ്ങൾ തമ്മിലുള്ള സംസ്കാര വ്യത്യാസം കുടിയാണ്.
പരസ്‌പരം രീതികൾ മനസ്സിലാക്കുക
ഓരോ കുടുംബവും ഒന്നിനൊന്ന് വ്യത്യസ്തമാണ്. താൻ ജനിച്ചുവളർന്ന വീടിന്റെ അതേ സംസ്കാരത്തിലേക്ക് ഒരു പെൺകുട്ടിക്കും വിവാഹിതയായി കടന്നുവരാൻ കഴിയണമെന്നില്ല. തങ്ങളുടെ വീടിൻ്റെ സംസ്‌കാരമുള്ള ആളായിരിക്കില്ല കടന്നുവരാൻ പോകുന്നതെന്ന് ഭർതൃ വീട്ടുകാരും മനസ്സിലാക്കണം. അതുപോലെ വിവാഹത്തിനു മുമ്പുതന്നെ ഇരുവീടുകളുടെയും സംസ്കാരവും രീതിയും പ്രത്യേകതകളും വിവാഹിതരാകാൻ പോകുന്നവർ മനസ്സിലാക്കിയിരിക്കണം. ഇങ്ങനെ മനസ്സിലാക്കാൻ കഴിഞ്ഞാൽ വിവാഹശേഷം അധികം പ്രശ്നങ്ങൾ ഉടലെടുക്കാതെ മുന്നോട്ടുപോകാൻ സാധിക്കും. തൻ്റെ രീതികളുമായി ഭർതൃവീട്ടിൽ തിരുത്തലുകളില്ലാതെ ജീവിക്കാൻ കഴിയുമെന്ന് ഒരു പെൺകുട്ടിയും വിചാരിക്കരുത്. പെൺകുട്ടിയെ ഒറ്റയടിക്ക് മാറ്റിയെടുക്കാൻ കഴിയും എന്ന് ഭർതൃവീട്ടുകാരും വിചാരിക്കരുത്. പരസ്‌പരം മനസ്സിലാക്കാനും തിരുത്താനും സഹിഷ്‌ണുത പുലർത്താനും സന്നദ്ധത കാണിക്കുകയാണെങ്കിൽ പല കുടുംബങ്ങളിലും പ്രശ്‌നങ്ങൾ ഉടലെടുക്കുകയേയില്ല.