റവ. ഡോ. മൈക്കിൾ കാരിമറ്റം
5. വിശ്വസ്തസേവകൻ
ആട്ടിടയനായിരുന്ന ദാവീദ് പരസ്യജീവിതത്തിലേക്കു കടന്നുവരുന്നത് രാജാവിന്റെ സേവകനായിട്ടാണ്. സാമുവേൽ തന്നെ തിരസ്കരിച്ചതോടെ വിഷാദരോഗത്തിനടിമയായ സാവൂൾ രാജാവിന് കിന്നരം വായനയിലൂടെ ആശ്വാസം നല്കാനായി രാജസേവകർ അന്വേഷിച്ചു കണ്ടെത്തിയതാണ് ബെലെഹെംകാരനായ ജെസ്സെയുടെ മകൻ ദാവീദിനെ ദാവീദിൻ്റെ സംഗീതം സാവൂളിന് ഇഷ്ടമായി, ദാവീദിനെയും. അവനെ തൻ്റെ ആയുധവാഹകനായി നിയമിച്ചു (1 സാമു 16: 14-23). അനുഗ്യഹീത ഗായകനും ധീരയോദ്ധാവുമായ ദാവീദ് അങ്ങനെ രാജസേവകനായി തൻ്റെ പരസ്യജീവിതം ആരംഭിച്ചു.
സാവൂൾ ദാവീദിനെ പല ദൗത്യങ്ങളും ഏല്പിച്ചു. അവയെല്ലാം വിജയപ്രദമായി അവൻ നിർവഹിച്ചു. അതുകൊണ്ട് സാവൂൾ അവനെ പടത്തലവനാക്കി (1 സാമു 18,5). എന്നാൽ, അധികം വൈകാതെ സാവൂളിനു ദാവീദിനോട് അസൂയതോന്നി. അസൂയ സാവകാശം ഭയമായി, ശത്രുതയായി, വധശ്രമത്തിലേക്കു നയിച്ചു. ഗോലിയാത്തിന്റെ വധവുമായി ബന്ധപ്പെട്ടാണ് അസൂയയുടെ തുടക്കം. വെട്ടിയെടുത്ത ഗോലിയാത്തിന്റെ തലയുമായി നഗരത്തിലേക്കു വന്ന ദാവീദിനെ എതിരേൽക്കാൻ കൊട്ടും പാട്ടും നൃത്തവുമായി വന്ന സ്ത്രീകൾ പാടി: “സാവൂൾ ആയിരങ്ങളെ കൊന്നു. ദാവീദ് പതിനായിരങ്ങളെയും” (1 സാമു 18.7). ഒരു ഇടയച്ചെക്കന്റെ മുമ്പിൽ തന്നെ ഇത്ര താഴ്ത്തിക്കെട്ടിയത് സാവൂളിന് ഇഷ്ടപ്പെട്ടില്ല. തന്നെക്കാൾ പത്തിരട്ടി ശക്തനാണ് അവൻ എന്നല്ലേ അവർ പാടിയത്! അന്നു മുതൽ സാവൂൾ ദാവീദിനെ സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങി (1 സാമു 18,9).
മാനസികവിഭ്രാന്തി ബാധിച്ചിട്ടോ അതോ അങ്ങനെ അഭിനയിച്ചതോ എന്നു വ്യക്തമാക്കാതെ, രണ്ടു തവണ സാവൂൾ ദാവീദിനെ വധിക്കാൻ ശ്രമിച്ചതായി ബൈബിൾ വിവരിക്കുന്നുണ്ട് (1 സാമു 18, 11:19, 10). കിന്നരം വായിച്ചുകൊണ്ടിരുന്ന ദാവീദിനെ ചുമരോടു ചേർത്തു തറയ്ക്കാനായി സാവൂൾ കുന്തം എറിഞ്ഞു. എന്നാൽ, ദാവീദ് ഒഴിഞ്ഞുമാറി. മനസ്സിന്റെ സമനില നഷ്ടപ്പെട്ട ഭ്രാന്തൻ്റെ പ്രവൃത്തിയായി പരിഗണിക്കപ്പെടും, ജനദൃഷ്ടിയിൽ താൻ നിരപരാധനായിരിക്കും എന്ന് സാവൂൾ കരുതി. എന്നാൽ, ദാവീദിനു കാര്യം വ്യക്തമായി.
ഇനി അങ്ങോട്ടുള്ള പരസ്പരബന്ധത്തിന്റെ ചരിത്രത്തിൽ ഉടനീളം സാവൂളിൻ്റെ അസൂയയും ഭയവും ശത്രുതയും പ്രകടമാകുന്നുണ്ട്. ഇതിനെതിരെ പ്രതികരിച്ച ജോനാഥാനു നല്കുന്ന മറുപടിയിൽ സാവൂളിൻ്റെ ഭയകാരണം വ്യക്തമാകുന്നു. “അവൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിനക്കു രാജാവാകാനോ രാജ്യം സ്ഥാപിക്കാനോ സാധിക്കുകയില്ല” (1 സാമു 20, 31). അതിനാൽ അവൻ മരിക്കണം. ഏതു വിധേനയും അവനെ കൊല്ലണം. ഇതാണ് സാവൂളിൻ്റെ ഉറച്ച തീരുമാനം. തുടർന്നുള്ള ജീവിതകാലം മുഴുവൻ സാവൂൾ ദാവീദിനെ വേട്ടയാടുന്നതിൽ സർവ ശ്രദ്ധയും കേന്ദ്രീകരിച്ചു. അതു രാജ്യത്തിന്റെതന്നെ നാശത്തിനു കാരണമായിത്തീർന്നു. അവസാനം ഫിലിസ്ത്യരുമായുള്ള യുദ്ധത്തിൽ ഗിൽബോവാ കുന്നിൽവച്ച് മാരകമായ മുറിവേറ്റ സാവുൾ സ്വന്തം വാളിൽ വീണു ജീവൻ ഒടുക്കി (1 സാമു 31,5).
ഇവിടെയാണ് ദാവീദിൻ്റെ സ്വഭാവവൈശിഷ്ട്യം വെളിവാകുന്നത്. കാരണം കൂടാതെ തന്നെ വേട്ടയാടുന്ന രാജാവിനെ ദാവീദ് വെറുത്തില്ല. പലതവണ അവസരം കിട്ടിയിട്ടും കൊല്ലാതെ വെറുതെ വിട്ടു, തൻ്റെ നിരപരാധിത്വം തെളിയിക്കാൻ ആവശ്യമായ അടയാളങ്ങളോടെ.
ദാവീദിനെ വേട്ടയാടുന്നതിനിടയിൽ വിസർജനത്തിനായി സാവൂൾ കയറിയത് ദാവീദും കൂട്ടരും ഒളിച്ചിരുന്ന ഗുഹയിലാണ്. ദാവീദ് പിറകിലൂടെ വന്ന് സാവുളിൻ്റെ മേലങ്കിയുടെ അറ്റം മുറിച്ചെടുത്തു ഗുഹയിൽ നിന്നു പുറത്തിറങ്ങിയ സാവൂളിനെ പിന്നിൽനിന്നു വിളിച്ചു. ദാവീദ് തന്റെ നിരപരാധിത്വത്തിൻ്റെ അടയാളമായി മേലങ്കിയുടെ കഷ്ണം കാട്ടി. സാവൂളിനു പശ്ചാത്താപമുണ്ടായി. “നീ എന്നേക്കാൾ നീതിമാനാണ്. നിനക്കു ചെയ്ത തിന്മയ്ക്കു പകരം നീ നന്മ ചെയ്തിരിക്കുന്നു” (1 സാമു 24,17).
സമാനമായൊരു സംഭവം ഒരിക്കൽക്കൂടി ഉണ്ടായി. തന്റെ കുറ്റം ഏറ്റുപറഞ്ഞെങ്കിലും സാവൂളിന്റെ ജീവിതത്തിൽ യാതൊരു മാറ്റവും ഉണ്ടായില്ല. ദാവീദിനെ വേട്ടയാടൽ തുടർന്നു. തന്നെ വേട്ടയാടാൻ വന്ന് മരുഭൂമിയിൽ പാളയമടിച്ച സാവൂളിന്റെ പാളയത്തിലേക്ക് രാത്രിയിൽ ദാവീദ് ഒരു അനുചരനെയും കൂട്ടി കടന്നു ചെന്നു. ഉറങ്ങിക്കിടന്ന സാവുളിൻ്റെ തലയ്ക്കൽ കുത്തി നിർത്തിയിരുന്ന കുന്തവും അടുത്തിരുന്ന കൂജയും എടുത്തുകൊണ്ട് പാളയം വിട്ടു മലമുകളിലേക്കു പോയി. അവിടെനിന്ന് സാവൂളിനെ വിളിച്ചു ണർത്തി കുന്തവും കൂജയും കാണിച്ച് തന്റെ നിരപരാധിത്വം വീണ്ടും തെളിയിച്ചു. സാവൂൾ വീണ്ടും തൻ്റെ കുറ്റം ഏറ്റുപറഞ്ഞു വിലപിച്ചു. ദാവീദിനെ അനുഗ്രഹിച്ചു: “എൻ്റെ മകനേ, ദാവീദേ, നീ അനുഗൃഹീതനാണ്. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നീ വിജയിക്കും” (1 സാമു 26,25). ദാവീദുമായുള്ള അവസാനത്തെ കണ്ടുമുട്ടലായിരുന്നു അത്.
തന്നെ വെറുക്കുകയും വധിക്കാനായി നിരന്തരം വേട്ടയാടുകയും ചെയ്തിട്ടും, തന്നെ സേവകനായി നിയമിച്ച രാജാവിനെ ദാവീദ് വെറുത്തില്ല എന്നു മാത്രമല്ല, വാക്കുകൊണ്ടെന്നല്ല, വിചാരം കൊണ്ടുപോലും ദ്രോഹിച്ചതുമില്ല. രാജാവ് കർത്താവിന്റെ അഭിഷിക്തനാണ്. അയാൾക്കു വീഴ്ചകൾ സംഭവിച്ചാലും വെറുക്കരുത്; സഹായിക്കണം. ദാവീദു തൻ്റെ മേലധികാരിയോടു കാണിക്കുന്ന ഈ വിധേയത്വവും വിശ്വസ്തതയും വലിയൊരു മാതൃകയാണ്. ഈ വിശ്വസ്തതയും വിധേയത്വവും ഏറ്റം വ്യക്തമായി പ്രകടമാകുന്നത് സാവൂളിന്റെ മരണശേഷമാണ്.
ഫിലിസ്ത്യരുമായുള്ള യുദ്ധത്തിൽ ഗിൽബൊവാകുന്നിൽ വച്ചു സാവൂളും പുത്രന്മാരും കൊല്ലപ്പെട്ടു എന്ന വാർത്തയുമായി സാവൂളിന്റെ പാളയത്തിൽ നിന്നൊരു അമലേക്യൻ ദാവീദിന്റെയടുക്കൽ വന്നു. സാവുളിൻ്റെ കിരീടവും തോൾ വളയും ദാവീദിനു നല്കി. സാവൂളിന്റെ സ്ഥാനത്ത് രാജാവായി ദാവീദിനെ ഏറ്റു പറയുന്നതിന്റെ അടയാളമായിരുന്നു അത്. താൻ തന്നെയാണ് സാവൂളിനെ കൊന്നത് എന്ന് വീമ്പു പറഞ്ഞവനെ അനുമോദിക്കുകയല്ല ദാവീദു ചെയ്തത്. “കർത്താവിന്റെ അഭിഷിക്തനെ വധിക്കാൻ കൈ നീട്ടുന്നതിന് നീ എങ്ങനെ ധൈര്യപ്പെട്ടു? ദാവീദ് സേവകരിൽ ഒരുവനെ വിളിച്ച് അവനെ കൊന്നു കളയുക എന്ന് ആജ്ഞാപിച്ചു” (2 സാമു 1, 14). തുടർന്ന് ആലപിക്കുന്ന വിലാപഗാനം (2 സോമു 1, 17-27) വിശ്വസ്തതസേവകൻ്റെ സ്വഭാവം പ്രകടമാകുന്നു.
ദാവീദിന് സാവൂൾ ശത്രുവായിരുന്നില്ല. മറിച്ച് ദൈവത്തിൻ്റെ അഭിഷിക്തനും ഇസ്രായേലിൻ്റെ രാജാവും തൻ്റെ യജമാനനുമായിരുന്നു. ഉറവിടങ്ങൾ മറക്കാത്ത, സേവകന്റെ ധർമ്മം എന്തെന്ന് കൃത്യമായി അറിയാമായിരുന്ന, വിശ്വസ്തനാണ് ദാവീദ്. സ്വന്തം ജീവൻ അപകടത്തിലാകുമ്പോഴും തന്നെ കൊല്ലാൻ ശ്രമിക്കുന്നവനെ ഉപദ്രവിക്കാതെ വെറുതെവിടുന്ന ദാവീദിൽ സേവകന്റെ വിശ്വസ്തതയ്ക്കപ്പുറം അധികാരത്തോടുള്ള അഗാധമായ വിധേയത്വവും പ്രകടമാകുന്നു. ശത്രുക്കളെ സ്നേഹിക്കുവിൻ എന്ന് പത്തു നൂറ്റാണ്ടുകൾക്കുശേഷം പഠിപ്പിച്ച പുത്രന്റെ പിതാമഹനാണ് ദാവീദ്. എന്നും അനു കരണിയമായ മാതൃക!