പീറ്റർ തോമസ് കപ്പുച്ചിൻ
ടെയ്ൽഹാർഡ് ഡി ഷാർഡിൻ (Teilhard de chardin) മറ്റു ചിന്തകരിൽ നിന്ന് വ്യത്യസ്തനാവുന്നത് അദ്ദേഹത്തിൻ്റെ തത്വചിന്ത അതിന്റെ പൂർണ്ണത അന്വേഷിക്കുന്നത് പ്രപഞ്ചത്തിന്റെ ചേതനവും അചേതനവുമായ വസ്തുക്കളുടെ ആന്തരിക സത്ത ഒരേ ബോധത്തിൽ എത്തിച്ചേരുന്ന ഒരു അന്തിമ ബിന്ദുവിലാണ് എന്നുള്ളതാണ് (Omega point). അദ്ദേഹം വിചാരിക്കുന്നത് ബോധം (Consciousness) എന്നത് മനുഷ്യർക്കു മാത്രമല്ല ഭുമിയിലെ മറ്റെല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് എന്നതാണ്. ആ ബോധം ഒരു വളർച്ചയുടെ ദിശയിൽ ആണെന്നും ഏറ്റവും ഒടുവിൽ മനുഷ്യരുടെയും ജീവജാലങ്ങളുടെയും വസ്തുക്കളുടെയും ബോധം ഒന്നായി ഒരു പരമ ബോധമായി മാറുമെന്നും അദ്ദേഹം കരുതുന്നു. ഈ ചിന്താധാര നിരാകരിക്കുന്നവർ ഏറെയുണ്ടാകും; എങ്കിലും പൊതുവായ ഒരു ബോധം പ്രപഞ്ചത്തെ മുഴുവൻ കൂട്ടിയോജിപ്പിക്കുന്നു എന്നു കരുതാൻ ന്യായം ഏറെയുണ്ട് നമുക്കു ചുറ്റും. വയനാട് മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് കണ്ട ചില കാഴ്ചകൾ അത്തരത്തിൽ ചിലതാണ്.
ആ കാഴ്‌ചയിൽ ആദ്യത്തേത് ഒരമ്മ ഓർത്തെടുക്കുന്ന ദുരന്താനുഭവമാണ്. മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും അടിത്തറയോടെ മറിച്ചിട്ട വീട്ടിൽ നിന്ന് എങ്ങനെയോ കൊച്ചുമകളെ രക്ഷപ്പെടുത്തി കാട്ടിലേക്ക് ഓടിയ സുജാത എന്ന അമ്മ ചെന്നുപെട്ടത് ഒരു കൊമ്പനാനയുടെ മുമ്പിലാണ്. ജീവിതം അവസാനിച്ചു എന്നു മനസ്സിൽ വിചാരിച്ച്, ദയാ വായ്പിനായി യാചിച്ച് ആ അമ്മ കൊമ്പനു മുന്നിൽ കൈകൾ കൂപ്പി നിന്നു. പ്രകൃതിയുടെ ഉഗ്രകോപത്തിൽ ഒലിച്ചുപോയ മുഴുവൻ മനുഷ്യരേയും കുറിച്ചുള്ള സങ്കടം ഉള്ളിൽ ഏറ്റു വാങ്ങിയെന്നതുപോലെ ആ ആന അമ്മയുടെയും കുഞ്ഞിന്റെയും മുൻപിൽ നിന്നു. ഉള്ളിൽ കരുണയുടെ ഒരു ഉറവപൊട്ടി ഒഴുകുന്നതു പോലെ ആന യുടെ കണ്ണുകൾ നിറഞ്ഞൊഴുകി; പിന്നീട് ഒരു രക്ഷകനെന്നതുപോലെ, ഒരടിപോലും മുന്നോട്ടു വയ്ക്കാൻ കഴിയാതെ തളർന്നു നിൽക്കുന്ന അമ്മയുടെയും കുഞ്ഞിൻ്റെയും മുമ്പിൽ നിന്നു; മറ്റൊരു അപകടത്തിനും വന്യജീവിക്കും അവരെ വിട്ടു കൊടുക്കില്ല എന്നു മനസ്സിൽ ഉറപ്പിച്ചതുപോലെ രാവു പുലരുവോളം ആന കാവൽ തുടർന്നു.
ദുരന്തഭൂമിയിലെ കാറ്റൊരു കാഴ്‌ച നനഞ്ഞു കുതിർന്ന്, വിശന്നു തളർന്ന് ഭീതിയോടെ നിറഞ്ഞ കണ്ണുകളുമായി കുഞ്ഞിനെ മാറോടുചേർത്തു വച്ചിരിക്കുന്ന ഒരു തള്ളക്കുരങ്ങിൻ്താണ്. ആ ഇരിപ്പിലും നോട്ടത്തിലും അതിൻ്റെ എല്ലാ ദൈന്യതയും വെളിപ്പെടുന്നുണ്ട്. തോരാത്ത മഴയിൽ ശരീരം മുഴുവൻ കുതിർന്ന് ഭക്ഷണമൊന്നുമി ല്ലാതെ വിശന്നു തളർന്നിരിക്കുന്ന കുരങ്ങന്റെ മുന്നിലേക്ക് ഒരാൾ നടന്നു വരുന്നു. സാധാരണ ഗതിയിൽ കുരങ്ങ് ഒഴിഞ്ഞുമാറേണ്ടതാണ്. എന്നാൽ, ഓടാനും ഒഴിഞ്ഞുമാറാനും ഒട്ടും ആരോഗ്യമില്ലായിരുന്ന അവ ഉപദ്രവിക്കരുതേ എന്ന യാചനാ ഭാവത്തോടെ നടന്നുവരുന്ന ആളെ നോക്കുകയാണ്. അയാളാകട്ടെ കയ്യിൽ കരുതി വച്ച നിപ്പിളുളള ഒരു പാൽക്കുപ്പി കുഞ്ഞിക്കുരങ്ങന്റെ ചുണ്ടോടു ചേർത്ത് വച്ചു കൊടുക്കുന്നു. വിശന്ന് അവശനായ കുഞ്ഞ് ആർത്തിയോടെ ആ പാൽ കുടിച്ചു: പകുതിയായപ്പോൾ അത് അമ്മയ്ക്കു നീട്ടി. പാൽ അകത്ത് ചെന്നപ്പോൾ അമ്മയ്ക്കും കുഞ്ഞിനും അനക്കം വച്ചു. കൃതജ്ഞത നിറഞ്ഞ കണ്ണുകളോടെ അവ ആ അപരിചിതനെ നോക്കി.
ദുരന്തഭൂമിയിൽ യജമാനനെ അന്വേഷിച്ചിറങ്ങിയ നായയും അർധരാത്രി നിർത്താതെ കരഞ്ഞ് യജമാനനെയും കുടുംബത്തെയും ഉണർത്തി ദുരന്തത്തിൽ നിന്ന് രക്ഷിച്ച കിങ്ങിണി എന്ന തത്തയുമൊക്കെ ആ കാഴ്‌ചയുടെ ഭാഗങ്ങളാണ്.
ഒരു സന്ദിഗ്ധ ഘട്ടത്തിൽ പരസ്‌പരം കരുണയോടും സഹാനുഭൂതിയോടും കൂടെ ഇടപെടാൻ പ്രേരിപ്പിക്കുന്ന പൊതുവായതെന്തോ എല്ലാ ജീവജാലങ്ങളിലും ഉണ്ട്. ആ പൊതുവായ ഘടകമായിരിക്കാം ഷാർഡിൻ വിഭാവനം ചെയ്യുന്ന ‘വളർന്നുകൊണ്ടിരിക്കുന്ന പൊതുബോധം’. ജീവജാലങ്ങളിൽ മറഞ്ഞിരിക്കുന്ന ആ പൊതുബോധത്തെക്കുറിച്ച് ഇന്ന് കുടുതൽ ആളുകൾ ബോധവാന്മാരാണ്. അത്തരം അവബോധത്തിൽ നിന്ന് വന്ന പ്രസ്ഥാനങ്ങളിൽ ഒന്നാണ് വീഗൻ മുവ്മെന്റ്റ് (Vegan movement). 1944- ൽ ഡൊണാൾഡ് വട്സനും എൽസി ഷ്റിഗ്ളിയും ആരംഭിച്ച പ്രസ്ഥാന ത്തിന്റെ ലക്ഷ്യം മനുഷ്യരെപ്പോലെ എല്ലാ ജീവജാലങ്ങൾക്കും വികാരവും വിചാരവുമുണ്ടെന്നും അവയ്ക്കും മനുഷ്യരെപ്പോലെ ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശവും അതിലെ വിഭവങ്ങളെ പ്രയോജനപ്പെടുത്താനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു. ഇതിൻ്റെ ഭാഗമായി മാംസഹാരം വർജ്ജിക്കുന്ന വസ്ത്ര നിർമ്മാണത്തിനും അലങ്കാരവസ്തു നിർമ്മാണങ്ങൾക്കും ജീവജാലങ്ങളെ ഉപയോഗിക്കുന്ന സംരംഭങ്ങൾ എതിർക്കുകയും ചെയ്യുന്ന ഒരുപറ്റം ആളുകളെ സംഘടിപ്പിക്കുകയും ആ പ്രസ്ഥാനത്തിൻ്റെ ഭാഗമാക്കുകയും ചെയ്തു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജീവജാലങ്ങളോടു കരുണയും സഹാനുഭൂതിയും ഉണർത്തുന്ന പ്രവർത്തനങ്ങളുമായി ആ പ്രസ്ഥാനം വളർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്നു.
ഒരുപക്ഷേ, ലോകം കുറേക്കൂടി ജീവിക്കാൻ കൊള്ളാവുന്ന സ്ഥലമായി മാറുന്നത് മനുഷ്യർ മറ്റു ജീവജാലങ്ങളുടെ അവകാശത്തെക്കുറിച്ച് കൂടി ചിന്തിക്കുവാൻ തുടങ്ങുമ്പോഴായിരിക്കും, അവരെയും തങ്ങളെയും ബന്ധിപ്പിക്കുന്ന അദ്യശ്യമായ ബോധതലത്തെക്കുറിച്ച് ബോധവാന്മാരാകുമ്പോഴായിരിക്കും. ബൈബിളിൽ ദൈവം സൃഷ്ടിച്ച ഇടത്തെ പറുദീസാ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. മനുഷ്യരും മൃഗവും സർവജീവജാലങ്ങളും അവിടെ സമഭാവനയോടെ കഴിഞ്ഞു. മനുഷ്യനെ ദൈവം അവയുടെ സൂക്ഷിപ്പുകാരനായി നിയോഗിച്ചു. എല്ലാറ്റിനെയും സൂക്ഷിക്കാനും സംരക്ഷിക്കാനുമുള്ള കടമയുള്ളതു കൊണ്ട് അവൻ അവയെ പരിചരിച്ചു; ഒന്നിനു പോലും ജീവഹാനി വരാതെ സംരക്ഷിച്ചു. ആ കരുതലാണ് അതിനെ പറുദീസായാക്കിയത്. മനുഷ്യൻ എല്ലാ ജീവജാലങ്ങളുടെയും കാവൽക്കാരനാണെന്ന് മറന്ന നിമിഷം മുതൽ പറുദീസാ ഇല്ലാതെയായി! നഷ്ടപ്പെട്ട പറുദീസാ ദൈവം വീണ്ടും സ്വപ്നം കാണുന്നുണ്ട്. ഏശയ്യായുടെ ദർശനത്തിലാണ് ഇത്. വരാനിരിക്കുന്ന ഒരു പുതിയ ലോകത്തെ കുറിച്ചാണ് ആ ദർശനം. ആ ലോകത്ത് ചെന്നായയും ആട്ടിൻകുട്ടിയും ഒന്നിച്ചു വസിക്കും, പുള്ളിപ്പുലി കോലാടിന്റെ കൂടെ കിടക്കും; ശിശുക്കൾ സർപ്പത്തിനൊപ്പം കളിക്കും. അവിടെ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല (ഏശയ്യാ 11:6-9).
മനുഷ്യൻ ഒരു പുതിയ ലോകം വിഭാവനം ചെയ്യുന്നു. അത് മനുഷ്യരും മനുഷ്യരും തമ്മിലുള്ള, രാഷ്ട്രങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള ശണ്ഠയും യുദ്ധവും ഒഴിഞ്ഞ് സമാധാനം പുലരുന്ന ഒരു ലോകമാണ്. എന്നാൽ, മനുഷ്യർ മാത്രം സമഭാവനയോടെ സഹവസിക്കുന്ന ലോകം സന്തോഷത്തിന്റെ മറുവാക്കാകുകയില്ല. മനുഷ്യർക്കൊപ്പം എല്ലാ ജീവജാലങ്ങളെയും ഭൂമിയുടെ അവകാശികളായി അംഗീകരിക്കുകയും, അവയുടെ മേലുള്ള മനുഷ്യൻ്റെ അധീശത്വം അവസാനിപ്പിക്കുകയും ചെയ്യുമ്പോഴാണ് ലോകം പൂർണ്ണവും സുന്ദരവുമാകുന്നത്. അത്തരം ഒരു ലോകത്തെ ഭാരതം എന്നേ വിഭാവനം ചെയ്തതാണ്. ലോക സമസ്‌തഃ സുഖിനോ ഭവന്തു എന്ന ഭാരതത്തിന്റെ മന്ത്രണം ലോകത്തിലെ സർവജീവജാലങ്ങളുടെയും സുഖത്തിനു വേണ്ടിയുള്ള പ്രാർഥനയാണ്. ലോകം സുഖമായിരിക്കാൻ പ്രപഞ്ചത്തിലെ ചരാചരങ്ങളെ മുഴുവൻ ബന്ധിപ്പിക്കുന്ന അദൃശ്യബോധത്തെ മനുഷ്യൻ തിരിച്ചറിയേണ്ടതുണ്ട്. ആ ബോധം ദൈവം എല്ലാറ്റിലും നിക്ഷേപിച്ച സ്നേഹത്തിൻറെ സത്തയാണ്. ആ സ്നേഹമാണ് സുജാതയുടെ മുന്നിൽ നിൽക്കുന്ന കൊമ്പനാനയുടെ കണ്ണിലെ കരുണയായി നിറഞ്ഞൊഴുകിയത്. ആ സ്നേഹമാണ് അവശനായ കുരങ്ങിന്റെ മുമ്പിൽ പാൽ കുപ്പിയേന്തിയ മനുഷ്യനായി എത്തിയത്. പ്രപഞ്ചത്തിൻന്റെ ബോധം മുഴുവൻ ഒന്നാകുന്ന വരാനിരിക്കുന്ന ഒരു കാലത്തെക്കുറിച്ചുള്ള ടെയിൽഹാർഡ് ഡി ഷാർഡിന്റെ ചിന്തകൾ ഈ അർഥത്തിലായിരിക്കാം പ്രസക്തമാകുന്നത്.