ഷാജി മാലിപ്പാറ
ചില കാര്യങ്ങൾ കടലാസിൽ എഴുതേണ്ടതാണ്; ചില കാര്യങ്ങൾ മനസ്സിൽ എഴുതേണ്ടതാണ്; മറ്റുചില കാര്യങ്ങൾ രണ്ടിടത്തും എഴുതേണ്ടതാണ്; വേറെ ചില കാര്യങ്ങൾ രണ്ടിടത്തും എഴുതാൻ പാടില്ലാത്തതാണ്. ഒറ്റശ്വാസത്തിൽ പറഞ്ഞുതീർക്കാവുന്ന ഒരു പൊതു പ്രസ്താവനയാണിത്. എന്നാൽ, അത്ര ലഘുവായൊരു ആശയപ്രപഞ്ചമല്ലല്ലോ ഇതിൽ അന്തർഭവിച്ചിരിക്കുന്നത്.
ഓരോദിനവും നാം എത്രയെത്ര കാര്യങ്ങളാണ് കേട്ടും കണ്ടുമിരിക്കുന്നത്. അവയെല്ലാം നാളേക്കു കരുതിവയ്ക്കേണ്ടതല്ല. എന്നാൽ, ചിലതൊക്കെ ആവശ്യമാണുതാനും. അത്തരം കാര്യങ്ങൾ കുറിച്ചുവയ്ക്കേണ്ടതായി വരും. കടലാസിലോ നോട്ടുബുക്കിലോ ഡയറിയിലോ ഒക്കെ എഴുതി വയ്ക്കേണ്ടതാണവ. മറവിയുടെ മാറാല മാറ്റി മനസ്സിൻ്റെ മണിമുറ്റത്ത് മധുരനാദമാകാൻ അവയ്ക്ക് കഴിയുന്നത് അപ്പോഴാണ്.
അതേസമയം ചില കാര്യങ്ങൾ ഒരിക്കലും മറക്കരുതാത്തതാണ്. കുറിപ്പിൻ്റെ സഹായ മൊന്നും കൂടാതെതന്നെ അത് ഓർമ്മയിൽ എപ്പോഴും ഉണ്ടാകും. അതിനു കാരണം അവ നാമറിയാതെതന്നെ നമ്മുടെ മനസ്സിന്റെ താളിൽ ആലേഖനം ചെയ്യപ്പെട്ടുകഴിഞ്ഞതാണ്.
നമ്മുടെ ജീവിതവുമായുള്ള ബന്ധത്തിൽ ഇഴ പിരിക്കാനാവാത്ത പ്രാധാന്യമുള്ള കാര്യങ്ങളാണ് മൂന്നാമത്തെ ഗണം. അവ മനസ്സിലും കടലാസിലും ഒരുപോലെ രേഖപ്പെടുത്തേണ്ടതാണ്. ജീവിതത്തിന്റെ ബാക്കിപത്രമെന്നോ ശേഷിപ്പുകളെന്നോ വിശേഷിപ്പിക്കാവുന്ന ചില അനുഭവങ്ങളോ അനുഭൂതികളോ ആണ് ഇക്കൂട്ടത്തിൽ വരുന്നത്. അവ നമുക്ക് അത്രമേൽ പ്രധാനപ്പെട്ടവയാകും.
ഇനിയൊരുകൂട്ടം കാര്യങ്ങളുണ്ട്. നാമൊരിക്കലും ഓർക്കാനോ പറയാനോ ഇഷ്ടപ്പെടാത്തവ. നമുക്കോ മറ്റുള്ളവർക്കോ ഒരു നന്മയും സമ്മാനിക്കാത്ത അവ എന്നന്നേക്കുമായി വിസ്മൃതിയിൽ നിക്ഷേപിക്കുകയാണ് കരണീയം. ഏതൊരാളുടെയും ജീവിതത്തിൽ ഇപ്പറഞ്ഞ നാലുതരം കാര്യങ്ങളുമുണ്ടാകും. അല്ലേ?
രാത്രി നേരത്തെ ഉറങ്ങുകയും രാവിലെ നേരത്തെ ഉണരുകയും ചെയ്യുക. ആരോഗ്യപാലനത്തിനുള്ള ഈ സൂത്രവിദ്യ കേട്ടപ്പോൾ താല്പര്യം തോന്നി. പത്തുമണിയോടെ ഉറങ്ങണം. ഒട്ടും വൈകരുത്. രാവിലെ അഞ്ചുമണിയോടെ ഉണരാം. സമയത്തുറങ്ങിയാൽ താനേ സമയത്തുണരുമെന്ന് കേട്ടപ്പോൾ സംഭവം കൊള്ളാമെന്ന് തോന്നി. അതു പരീക്ഷിക്കാൻ താമസിച്ചില്ല. നേരത്തെ പ്രാർഥനയും അത്താഴവും മറ്റു ജോലികളും കഴിച്ച് ഉറങ്ങാൻ കിടന്നു. കാത്തുനിന്നെന്നപോലെ ഉറക്കം വന്നനുഗ്രഹിക്കുകയും ചെയ്തു. അഞ്ചു മണിക്ക് അലാറം വച്ചെങ്കിലും അതിനുമുൻപേ താനേയുണർന്നു. ഇതു ശീലമാക്കാമെന്ന് വിചാരിക്കുമ്പോഴും ഒരു സന്ദേഹം ബാക്കിനിന്നു. ഇക്കാലത്ത് എല്ലാവരും വൈകിയാണ് ഉറങ്ങുന്നത്. പത്തുമണികഴിഞ്ഞാണ് ഫോൺവിളികൾ പലതും. അതും കഴിഞ്ഞാണ് സോഷ്യൽമീഡിയയിലെ ഇടപെടലുകൾ. അത് വേണ്ടെന്നുവയ്ക്കാം. പക്ഷേ, പത്തുമണികഴിഞ്ഞ് ആരെങ്കിലും വിളിച്ചാൽ എടുക്കാതെ പറ്റില്ലല്ലോ. മൊബൈൽ ഓഫ് ചെയ്തു വച്ചിട്ട് കിടന്നുറങ്ങാം എന്നുകരുതിയാൽ ശരിയാവില്ല. അത്യാവശ്യക്കാർ ആരെങ്കിലും വിളിച്ചാലോ?
വരുന്നിടത്തുവച്ചു കാണാമെന്ന വിചാരത്തോടെ ഫോൺ സ്വിച്ചോഫ് ചെയ്യാതെ പത്തു മണിക്ക് ഉറങ്ങാൻ ശീലിച്ചു. ഒരു വർഷത്തിനിടയിൽ പത്തുമണിക്കുശേഷം വിളിച്ചത് രണ്ടേ രണ്ടു പേരാണ്. കാര്യം ഇത്രയേ ഉള്ളു. നമ്മൾ വിളിക്കാതിരുന്നാൽ ആരും നമ്മളെ വിളിക്കില്ല. തീരുമാനം നമ്മുടേത്. ഉത്തരവാദിയും നമ്മൾ തന്നെയാകട്ടെ. അതല്ലേ നല്ലത്?