Wednesday, January 22, 2025

കൗമാരക്കാരിലെ മദ്യപാനശീലം

ഡോ. ന്യൂട്ടൻ ലൂയിസ് MD, DCH, DNB
കൺസൾട്ടന്റ് പീഡിയാട്രിഷ്യൻ, ധന്യ ആശുപത്രി, പോട്ട

ഒരു പതിനേഴുകാരൻ ഓടിച്ചുകൊണ്ടിരുന്ന ആഡംബര കാർ ഇടിച്ച് രണ്ട് ഐ.ടി. പ്രൊഫഷണൽസ് മരണപ്പെട്ട വിവരം ഒന്നു രണ്ടു മാസങ്ങൾക്കുമുമ്പ് നാം പത്രങ്ങളിൽ വായിച്ചതാണ്. താൻ രണ്ടു ബാറുകളിൽ പോയിരുന്നു എന്നും അപകടം സംഭവിക്കുമ്പോൾ സാമാന്യം നന്നായി മദ്യപിച്ചിരുന്നു എന്നും ആ കുട്ടി പിന്നീട് പൊലീസിനോട് പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഇനിയും പ്രായമായിട്ടില്ലാത്ത ആ കുട്ടി അവന്റെ അതിസമ്പന്നരായ മാതാപിതാക്കളുടെ അറിവോടും സമ്മതത്തോടും കൂടെയാണ് കഴിഞ്ഞ ഏതാനും മാസങ്ങൾ ആ വണ്ടി ഓടിച്ചു കൊണ്ടു നടന്നിരുന്നത്. നിയമപരമായി മദ്യപിക്കാൻ പ്രായമായിട്ടില്ലാത്ത ആ കുട്ടിക്ക് രണ്ടു ബാറുകളിൽ മദ്യപാനം നടത്താൻ സാധിച്ചു. മദ്യപിച്ചു വണ്ടിയോടിക്കുന്ന മറ്റു പലരെയുംപോലെ അവനും അമിതവേഗതയിലാണ് പലപ്പോഴും വണ്ടി ഓടിച്ചിരുന്നത്.

കൗമാരക്കാർ മദ്യപാനം ആരംഭിക്കുന്നത് എന്തുകൊണ്ടാണ്?

മുതിർന്നവർ മദ്യപിക്കുന്നതുകണ്ട് താനും മുതിർന്നയാളാണ് എന്ന് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി അവനും മദ്യപിക്കുന്നു.

കൂട്ടുകാർക്കു തന്നെപ്പറ്റി മതിപ്പുണ്ടാകണമെന്ന് അവൻ ആഗ്രഹിക്കുന്നു.

മാതാപിതാക്കളുടെ വരുതിയിലല്ല താൻ എന്ന് സ്വയം വിശ്വസിപ്പിക്കേണ്ടിയിരിക്കുന്നു.

ഇഷ്ടതാരങ്ങൾ സിനിമയിൽ മദ്യപിക്കുന്നത് കാണുന്നു.

വ്യത്യസ്‌തമായ, ത്രസിപ്പിക്കുന്ന അനുഭവങ്ങൾ ആസ്വദിക്കാനുള്ള ജിജ്ഞാസ.

സന്ദേഹമുള്ള പ്രകൃതക്കാരാണെങ്കിൽ ഒന്നു രണ്ടു പെഗ്ഗ് എടുക്കുന്നത് മറ്റുള്ളവരോട് ഇടപെടുമ്പോഴുള്ള സങ്കോചമകറ്റാൻ സഹായിക്കുന്നു എന്ന് അവൻ മനസ്സിലാക്കുന്നു.

വിഷാദം, വിരസത, ഇവ അനുഭവപ്പെടുമ്പോൾ ഒരു പെഗ്ഗെടുക്കുന്നത് കുറച്ച് ആശ്വാസം തരുന്നതായി തോന്നുന്നു.

കൗമാരപ്രായക്കാരിൽ മദ്യപിച്ച ഉടനെയുള്ള പ്രതികരണം

മദ്യം അകത്തുചെന്നാൽ അതു വിഘടിപ്പിക്കാൻ വേണ്ടുന്ന രസം (enzyme) പുറപ്പെടുവിക്കുന്നതിന്റെ അളവ് കൗമാരക്കാരിലും സ്ത്രീകളിലും പുരുഷന്മാരുടേതിനെക്കാൾ കുറവാണ്. അതിനാൽ, ഒരു പുരുഷൻ കുടിക്കുന്നതിന്റെ പകുതി അളവ് മദ്യം അകത്തു ചെല്ലുമ്പോൾത്തന്നെ അവർ ഉന്മത്തരാകും.

1. മദ്യം ബുദ്ധിശക്തിയെ അമർച്ച ചെയ്ത് ആത്മനിയന്ത്രണവും വിവേചനാശക്തിയും കുറയ്ക്കും. പ്രകൃത്യാ നാണംകുണുങ്ങിയും കുറച്ച് ഒതുങ്ങിയ സ്വഭാവമുള്ള ആളുമാണങ്കിലും ഒരു പെഗ് അകത്തുചെന്നാൽ നാവിന്റെ കെട്ടുകളഴിയും; മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കാനും സംസാരിക്കാനും ഉറക്കെ ചിരിക്കാനും സാധിക്കും. ഒരിക്കൽ ഒരു പെഗ്ഗെടുത്ത ഒരു ചെറുപ്പക്കാരൻ തൻ്റെ ബോസിൻ്റെ രഹസ്യം പരസ്യമാക്കി: ‘ബോസ് നിങ്ങളുടെ വിഗ്ഗ് എനിക്കു നന്നായി ഇഷ്ടപ്പെട്ടു നിങ്ങൾക്ക് അതു നന്നായി ചേരുന്നുണ്ട്.’ മദ്യപിച്ചു കഴിഞ്ഞാൽ അനാവശ്യമായി ക്ഷോഭിക്കുക, അക്രമാസക്തമാകുക, മറ്റു ലഹരി പദാർഥങ്ങൾ പരീക്ഷിക്കുക തുടങ്ങിയ വയും സംഭവിക്കാം. പെൺകുട്ടികൾ മദ്യപിച്ചാൽ അവർ ലൈംഗിക അതിർവരമ്പുകൾ കടന്നു പെരുമാറിയേക്കാം.

2. മദ്യം ആത്മനിയന്ത്രണം കുറയ്ക്കുന്നു എന്നു പറഞ്ഞല്ലോ. അമിതവേഗത്തിൽ വണ്ടി ഓടിക്കും. അകത്തുള്ള മദ്യം വണ്ടി ഓടിക്കുന്ന കഴിവിനെ ബാധിക്കുന്നു. ഓരോ സാഹചര്യങ്ങളോടു പ്രതികരിക്കാൻ താമസം നേരിടുന്നു. അതായത് ട്രാഫിക് സിഗ്ന‌ൽ ചുമപ്പായാൽ വ്യക്തമായി ചിന്തിക്കാൻ സാധിക്കാത്തതിനാൽ പെട്ടെന്ന് നിറുത്താനുളള തീരുമാനമെടുക്കാൻ സമയമെടുക്കും. മദ്യപിച്ചതിനുശേഷം കാപ്പി കുടിച്ചാൽ അതിന്റെ വിപരീതഫലം ഇല്ലാതാകും എന്നാണ് ചിലരുടെ വിചാരം. കാപ്പിയിലുള്ള കഫീൻ മയക്കം കുറയ്ക്കുമെങ്കിലും, പ്രതികരണശേഷിയും ചലനശേഷിയും വർധിപ്പിക്കുന്നില്ല.

3. വിഷാദിച്ചിരിക്കുന്നയാൾക്ക് മദ്യപാനം ഒരു താൽക്കാലിക ആശ്വാസം പ്രദാനം ചെയ്തേക്കു മെങ്കിലും, മദ്യത്തിൻ്റെ സ്ഥിരമായ ഉപയോഗം വിഷാദമുളവാക്കിയ കാരണത്തെ ഒന്നുകൂടെ വഷളാക്കുകയേ ഉള്ളൂ. അതായത് പഠിക്കാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ ജോലിസ്ഥലത്തെ വിഷമതകൾ. ദീർഘകാലടിസ്ഥാനത്തിൽ മദ്യപാനം കൂടുതൽ കൂടുതൽ വിഷാദത്തിലേക്കു തള്ളിവിടുകയേ ഉള്ളൂ. മദ്യപരുടെ ഇടയിൽ ആത്മഹത്യാനിരക്ക് വളരെ ഉയർന്നിരിക്കുന്നു.

മദ്യപാനത്തെ പറ്റിയുള്ള മിഥ്യാധാരണകൾ

1. “മദ്യം ലൈംഗിക ഉത്തേജനത്തെ സഹായിക്കുന്നു”

മദ്യം ടെസ്റ്റോസ്റ്റിറോൺ (Testostiron) എന്ന പുരുഷഹോർമോണിൻ്റെ ഉൽപാദനം കുറയ്ക്കുകയും തുടർച്ചയായുള്ള മദ്യപാനം വൃഷണങ്ങളുടെ വലിപ്പം കുറയാൻ കാരണമാവുകയും ചെയ്യുന്നു. ലൈംഗികാസക്തി വർധിപ്പിക്കുമെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള കഴിവ് കുറയുന്നു. മദ്യപർ അവരുടെ ലൈംഗിക അപര്യാപ്തതയ്ക്ക് സ്ഥിരമായി ഭാര്യയെ പഴിചാരുകയും അവരെ ചീത്ത പറയുകയും ദേഹോപദ്രവമേല്പ‌ിക്കുകയും ചെയ്യും.

2. “മദ്യം ക്രിയാത്മകത വളർത്തുന്നു”

തലച്ചോറ് ദ്രുതഗതിയിൽ വളർച്ചപ്രാപിക്കുന്ന കൗമാരപ്രായത്തിൽ മദ്യപാനം ശീലമാക്കിയാൽ അത് ഈ വളർച്ചയെ തടസ്സപ്പെടുത്തുന്നു. 25 വയസ്സുവരെ തലച്ചോറും ബുദ്ധിശക്തിയും വളർച്ച പ്രാപിച്ചുകൊണ്ടേയിരിക്കും. ഈ പ്രായത്തിൽ മദ്യപാനം ആരംഭിച്ചാൽ അതിന്റെ പ്രത്യക്ഷമായ ദൂഷ്യഫലങ്ങൾ -ഓർമ്മക്കുറവ്, അശ്രദ്ധ തുടങ്ങിയവയാണ്. ഇതു പഠനത്തെ സാരമായി ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. 25 വയസ്സിൽ താഴെയുള്ളവർ സ്ഥിരം മദ്യപിക്കുന്നവരായി തീർന്നാൽ പിന്നീട് അവരുടെ ബുദ്ധിവികാസം സാധ്യമാവുകയില്ല. മദ്യപർ ചെറിയ പ്രായത്തിലേ മറവിരോഗത്തിന് അടിമയാകാൻ സാധ്യതയുണ്ട്.

3. “മദ്യം മാനസിക സംഘർഷം അകറ്റാൻ സഹായിക്കുന്നു”

ഒറ്റ പെഗ്ഗിൽ അല്പ്പം ആശ്വാസം കിട്ടിയേക്കും, പ്രത്യേകിച്ച് അല്പ‌ം ലജ്ജാശീലമുള്ളവരാണെങ്കിൽ. എന്നാൽ, സ്ഥിരമായി മദ്യപിക്കുമ്പോൾ പഠനത്തെ, ജോലിയെ ബാധിക്കുന്നു; കൂട്ടുകാരുമായി തല്ലുണ്ടാക്കുന്നു, അപകടങ്ങൾ പതിവാകുന്നു, കൂടാതെ മദ്യം വാങ്ങാൻ വേണ്ടിവരുന്ന പണം, മദ്യപാനശീലത്തോട് അനുബന്ധമായി ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഇവ മാനസിക സംഘർഷം വർദ്ധിപ്പിക്കുന്നു. മുതിർന്നവരിലും കൗമാരപ്രായക്കാരിലും ആത്മഹത്യയ്ക്കും വിഷാ ദരോഗത്തിനും ഒരു പ്രധാന കാരണം മദ്യപാനമാണ്.

4. “മദ്യം ഉറങ്ങാൻ സഹായിക്കുന്നു”

ശരിയായി ഉറങ്ങാൻ പറ്റാത്തവർക്ക് ഒരു പക്ഷേ, മദ്യം ഉറങ്ങാൻ സഹായകമായേക്കാം. എന്നാൽ, മദ്യംമൂലം ഉണ്ടാകുന്ന ഉറക്കത്തിന് മനുഷ്യന് ഉണർവേകാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. മദ്യപിച്ച് കിടന്നുറങ്ങി എഴുന്നേൽക്കുമ്പോൾ തലവേദന, ഉന്മേഷക്കുറവ്, ക്ഷിപ്രകോപം ഏകാഗ്രതയില്ലായ്‌മ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും.

(തുടരും…)

Related Articles