സി. ഡോ. അർപ്പിത സി. എസ്. എൻ
സെന്റ് ജൂഡ് കൗൺസിലിംഗ് സെന്റർ അങ്കമാലി
പണ്ടുകാലങ്ങളിൽ അമ്മായിയമ്മമാരെ പേടിച്ചാണ് മരുമക്കൾ ജീവിച്ചിരുന്നത്. കുടുംബങ്ങളിൽ അമ്മായിയമ്മയ്ക്കായിരുന്നു അധീശത്വം. അമ്മായിയമ്മപ്പോര് എന്നാണല്ലോ ഇരുവർക്കുമിടയിലുള്ള പ്രശ്‌നങ്ങളെ പേരിട്ടുവിളിച്ചിരുന്നത്. എന്നാൽ, ചില കുടുംബങ്ങളിലെങ്കിലും ഇപ്പോൾ കണ്ടുവരുന്നത് മരുമക്കളെ പേടിച്ചുകഴിയുന്ന അമ്മായിയമ്മമാരെയാണ്
ഒരു സംഭവം: നല്ല പ്രായത്തിലേ വിധവയായ ഒരു സ്ത്രീ. ഏക മകനെ കഷ്ടപ്പെട്ടാണ് വളർത്തി വലുതാക്കിയത്. മകൻ പിന്നീട് ഉദ്യോഗസ്ഥനും വിവാഹിതനുമായി. സമ്പത്തുള്ള കുടുംബത്തിലെയായിരുന്നു ഭാര്യ. അവൾ പിന്നീട് ആ കുടുംബം മുഴുവൻ നിയന്ത്രിക്കാൻ തുടങ്ങി. അമ്മയോട് സംസാരിക്കാൻ പോലും ഭർത്താവിനെ അവൾ അനുവദിച്ചിരുന്നില്ല. അമ്മയ്ക്ക് കൂടുതൽ സ്നേഹമോ പരിഗണനയോ കൊടുത്താൽ താൻ ഡിവോഴ്‌സു ചെയ്‌തുകളയുമെന്നായിരുന്നു ഭാര്യയുടെ ഭീഷണി. ആ ഭീഷണിക്കു മുമ്പിൽ ഭർത്താവ് നിസ്സഹായനായി.
പണ്ടുകാലങ്ങളിൽ അമ്മായിയമ്മമാരാണ് ഭക്ഷണം വിളമ്പികൊടുത്തിരുന്നതെങ്കിൽ ഇന്ന് പല അമ്മായിയമ്മമാർക്കും ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് മരുമകളാണ്. ഇത് അടുക്കളയുടെയും വീടിന്റെയും പരമാധികാരി എന്ന മട്ടിൽ ആവുന്നു എന്നത് ഏറെ പരിതാപകരമാണ്. അടുക്കള നിയന്ത്രിക്കാൻ ആരും വരണ്ടായെന്നാണ് മരുമകളുടെ പ്രഖ്യാപനം. അതുകൊണ്ട് വിശക്കുമ്പോൾ പോലും സമയത്തിന് ഭക്ഷണം എടുത്തു കഴിക്കാൻ അനുവാദമില്ലാതെ വിശന്നുകഴിയുന്ന അമ്മായിയമ്മമാരും അമ്മായിയപ്പന്മാരും നമുക്കു ചുറ്റിനുമുണ്ട്. ഭാര്യയെ പേടിച്ചും കുടുംബത്തിൽ വഴക്കും വക്കാണവും സൃഷ്ടിക്കണ്ടായെന്ന് കരുതിയും നിശ്ശബ്ദം വേദനകൾ കടിച്ചമർത്തി ജീവിക്കുന്ന പുരുഷന്മാരും നമുക്കു ചുറ്റുമുണ്ട്.
സ്നേഹക്കൂടുതലിൻ്റെ പേരിലുള്ള പ്രശ്നങ്ങൾ
മുകളിൽ പറഞ്ഞത് ഒരു മകൻ്റെ പേരിലുള്ള പ്രശ്നങ്ങളാണ്. ഒന്നിൽ കൂടുതൽ മക്കളുള്ള കുടുംബങ്ങളിലും സ്നേഹത്തിന്റെ പേരിലുളള പ്രശ്നങ്ങളുണ്ടാകാറുണ്ട്. അപ്പന്/ അമ്മയ്ക്ക് മൂത്ത മകനോടാണ്/ ഇളയമകനോടാണ് സ്നേഹക്കൂടുതൽ എന്ന രീതിയിൽ വിവാഹിതയായി കടന്നുവരുന്ന പെൺകുട്ടികൾ ഭർത്താക്കന്മാരോട് പറഞ്ഞുകൊടുത്ത് കുടുംബങ്ങളിൽ വിഭജനവും ശൈഥില്യവും സൃഷ്ടിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്.
മുറിവേൽപിക്കുന്ന വാക്കുകൾ
ഇരുവർക്കുമിടയിലെ പ്രശ്‌നങ്ങൾക്കു കാരണമായ സംഭവങ്ങൾ മറന്നാലും ആ സമയത്ത് ഉപയോഗിക്കുന്ന വാക്കുകൾ പ്രതികാരബുദ്ധിയോടെ ഉള്ളിൽ സൂക്ഷിക്കുന്നവരുണ്ട്. വാക്കുകൾ രൂക്ഷമായി പ്രയോഗിക്കുമ്പോൾ അത് കൊള്ളുന്നവരി ലുണ്ടാക്കുന്ന മുറിവുകളെക്കുറിച്ച് ആരും ചിന്തിക്കാറില്ല. ബന്ധങ്ങളിൽ ഇടർച്ചകൾ സൃഷ്ടിക്കുന്നതിന് ഇതും ഒരു കാരണമാകും. അമ്മായിയമ്മ- മരുമകൾ പോരാട്ടത്തിൽ അമ്മായിയമ്മ പറഞ്ഞ ഒരു വാക്കിനെപ്രതി ആ സ്ത്രീ മരിച്ചിട്ടുപോലും അവസാനമായൊന്നു കാണാൻ മനസ്സു കാണിക്കാതിരുന്ന ഒരു മരുമകളെ ഓർക്കുന്നു.
കുടുംബം എന്ന വ്യവസ്ഥിതി
ഇന്ന് പരക്കെയുള്ളത് അണുകുടുംബങ്ങളാണല്ലോ? ഭാര്യ – ഭർത്താവ് മക്കൾ. ഇതാണ് ഇതിന്റെ മുഖമുദ്ര. പല സ്ത്രീകളും ഇതിൽ മാത്രം ചുറ്റിക്കെട്ടി കറങ്ങുന്നവരാണ്. ഇതിനപ്പുറം അമ്മായിയമ്മ, അമ്മായിയച്ചൻ, ഭർത്താവിന്റെ ബന്ധുക്കൾ ഇങ്ങനെയൊരു വിചാരം പലർക്കുമില്ല. ഭാര്യയുടെയും അമ്മയുടെയും റോളുകൾ നന്നായി കൈകാര്യം ചെയ്യുമ്പോഴും മരുമകളുടെ റോൾ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമല്ലെന്ന് അവർ വിചാരിക്കുന്നിടത്താണ് ചില കുടുംബങ്ങളെങ്കിലും നീറിപ്പുകയേണ്ടി വരുന്നത്.
അമ്മായിയമ്മയും മരുമകളും തമ്മിൽ പ്രശ്നങ്ങളില്ലാത്ത കുടുംബം സ്വർഗമാണ്. രണ്ടു പേരും ജോലിക്കാരല്ലെങ്കിൽ പ്രത്യേകിച്ചും. കാരണം പരസ്പരം അറിവുകൾ പങ്കിട്ടും കൊടുത്തും വാങ്ങിയും ചിരിച്ചും തമാശുപറഞ്ഞും അവർക്ക് മുന്നോട്ടുപോകാനാവും. അമ്മയും ഭാര്യയും സ്നേഹത്തിലാണെങ്കിൽ അത് മകന്, ഭർത്താവിന് നല്‌കുന്ന ആശ്വാസവും നിസ്സാരമായിരിക്കുകയില്ല.