പ്രതിസന്ധികൾക്കു നടുവിൽ ‘ദൈവമില്ലെന്ന് വിധിയെഴുതിയ കുടിയനായ അപ്പനെ ഭയന്ന് പുൽക്കൂടു കെട്ടാൻ ഭയന്നിരുന്ന ഒരു കുടുംബത്തെ ഓർക്കുന്നു. മൂന്നും അഞ്ചും വയസ്സുള്ള കുഞ്ഞുങ്ങളുടെ സങ്കടം മാറ്റാൻ അയൽപക്കത്തുള്ള കുട്ടികളൊക്കെ ചേർന്ന് ഒരു പുൽക്കൂട് ഒരുക്കിക്കൊടുക്കുകയാണ്. വിളക്കുകൾ തെളിക്കാൻ അനുവാദമില്ലാത്ത അവരുടെ വീട്ടുമുറ്റത്തൊരുക്കിയ പുൽക്കൂടിൻ്റെ പ്രകാശം പാതി മുറിച്ചെടുത്ത വാഴപ്പോളയിൽ നിരത്തിവച്ച മൺചിരാതുകളായിരുന്നു. ഉണ്ണിയേശുവിന്റെ മുഖത്തേക്ക് വെളിച്ചം കിട്ടാൻ ഉണ്ണീശോയെ അല്പം പൊക്കിവച്ച് തിരിതെളിച്ചു വച്ച് ആസ്വദിക്കുന്ന കുട്ടികൾക്കിടയിലേക്കാണ് അപ്പൻ്റെ രംഗപ്രവേശം. ഒരു നിമിഷാർധത്തിനുള്ളിൽത്തന്നെ അയൽപക്കത്തുള്ള കുട്ടികളെല്ലാം ഓടി മറഞ്ഞു. അപ്പൻ വരുമ്പോൾത്തന്നെ എല്ലാ വിളക്കുകളും അണച്ച് വീട്ടിലേക്ക് ഓടിക്കയറാനുള്ള അമ്മയുടെ നിർദേശപ്രകാരം ഒരുവിധം തിരികളൊക്കെ ഊതിക്കെടുത്തി അമ്മയെ വട്ടം പിടിച്ചു നിൽക്കുമ്പോഴായിരുന്നു ഉണ്ണീശോയുടെ അരികിൽ തെളിച്ചു വച്ചിരുന്ന വിളക്കുമാത്രം അണഞ്ഞിട്ടില്ല എന്ന് അഞ്ചു വയസ്സുകാരൻ അറിയുന്നത്. കുടിച്ചു വീട്ടിൽ വന്നാൽ പ്രകാശം പാടില്ല എന്ന അലിഖിത നിയമത്തിന് എന്നും ആമേൻ പറഞ്ഞിരുന്ന അമ്മയുടെയും കുഞ്ഞുങ്ങളുടെയും നടുക്കം അവരുടെ മുഖത്തുനിന്നു വായിച്ചെടുക്കാമായിരുന്നു. എന്നാൽ, മൺചിരാതിൻ്റെ ഇത്തിരി വെട്ടത്തിൽ ഏറ്റവും നിസ്സാരനായ ദൈവത്തെ കണ്ടമാത്രയിൽ പുലമ്പിക്കൊണ്ടിരുന്ന ആ അപ്പന്റെ ചുണ്ടുകൾ നിശ്ചലമായി പിന്നീട് അയാൾ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി. ആശങ്കയോടെ കാത്തിരുന്ന ഭാര്യയുടെയും മക്കളുടെയും അരികിലേക്ക് അയാൾ തിരിച്ചുവന്നത് ഒരു കേക്കുമായിട്ടായിരുന്നു. അന്ന് ആദ്യമായി ആ കുഞ്ഞുങ്ങൾ പ്രകാശത്തിൽ അത്താഴം കഴിച്ചു. ഊതിക്കെടുത്തിയ ചിരാതുകളെല്ലാം വീണ്ടും തെളിയിച്ചു സാന്താക്ലോസ് കാരൾ പാട്ടുകളുമായി അവരുടെ വീട്ടിലും ആഘോഷത്തിന്റെ ചുവടുകൾ വച്ചു.
കുരിശിലെ ക്രിസ്തുവിനോളംതന്നെ പുൽക്കൂട്ടിലെ ക്രിസ്തുവും വാചാലമാകുന്നുണ്ട്. ‘അവിടുത്തെ നോക്കിയവർ പ്രകാശിതരായി’ (സങ്കീ. 34 15) എന്നത് യാഥാർഥ്യംതന്നെ. ഏശയ്യാ പ്രവാചകൻ ക്രിസ്‌തുവിൻ്റെ ജനനത്തെക്കുറിച്ച് പറഞ്ഞു വയ്ക്കുന്നത് – ‘അന്‌ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു.’ (ഏശ. 9:2) എന്നാണല്ലോ, യേശുവിന്റെ ജനനവും അവിടുത്തെ മരണത്തെപ്പോലെതന്നെ ശക്തമായിരുന്നു. മണ്ണും വിണ്ണും മാലാഖവൃന്ദവും മനുഷ്യരും മൃഗജാലങ്ങളും കൈകോർത്തു നിന്ന ദിവസം. ചരിത്രംപോലും രണ്ടായി ഒഴുകിത്തുടങ്ങിയ ആ ജനനം ഇന്നും മത, രാഷ്ട്രീയ ഭേദമന്യേ കാലാതീതമായി കൊണ്ടാടുന്ന പ്രകാശത്തിന്റെ ഉത്സവം കൂടിയാണ്.
ഇടം ലഭിക്കാത്തവന്റെ ദൈവമായിട്ടായിരുന്നു ക്രിസ്തു കാലിക്കൂട്ടിൽ പിറന്നത്. അന്നുമുതൽ ഇടം ലഭിക്കാത്തവർക്കൊക്കെ അവിടുത്തെ ഹൃദയത്തിൽ ഇടം ലഭിച്ചുതുടങ്ങി. ആദ്യമായി സുവിശേഷം അറിയിക്കപ്പെടുന്നതു പോലും അരികുവൽക്കരിക്കപ്പെട്ട ഇടയഗണത്തി നായിരുന്നല്ലോ.
സാന്താക്ലോസും നക്ഷത്രവിളക്കുകളും കാരൾ ഗാനങ്ങളും തുടങ്ങി പ്രകാശമുള്ള ഒരുപാട് ഓർമ്മകൾ ക്രിസ്‌തുമസ്സിനെ മനോഹരമാക്കുന്നെങ്കിലും ആദ്യത്തെ ക്രിസ്‌തുമസ്സ് പ്രതിസന്ധികൾ കൊണ്ട് ഇരുൾ വീഴ്ത്തിനിന്ന ദിവസമായിരുന്നു. അവിടെ ഉണ്ണിശോയ്ക്ക് വെളിച്ചമായത് തീർത്തും നിസ്സഹായരായ രണ്ടു മനുഷ്യജന്മങ്ങളും ഇടം ലഭിക്കാത്തവൻ്റെ ദൈവമായിട്ടായിരുന്നു ക്രിസ്തു കാലിക്കൂട്ടിൽ പിറന്നത്. അന്നുമുതൽ ഇടം ലഭിക്കാത്തവർക്കൊക്കെ അവിടുത്തെ ഹൃദയത്തിൽ ഇടം ലഭിച്ചുതുടങ്ങി. ആദ്യമായി സുവിശേഷം അറിയിക്കപ്പെടുന്നതു പോലും അരികുവൽക്കരിക്കപ്പെട്ട ഇടയഗണത്തിനായിരുന്നല്ലോ.
സത്രങ്ങളത്രയും കൊട്ടിയടയ്ക്കപ്പെട്ടപ്പോഴും ദരിദ്രരിൽ ദരിദ്രനായി കാലിത്തൊഴുത്തിന്റെ ഇല്ലായ്‌മയിൽ അവിടുന്ന് പിറവികൊണ്ടു. ആ ജന്മമെടുക്കലിന്റെ്റെ സ്വകാര്യതയ്ക്ക് തിരശ്ശീലയായി നിന്നത് അടച്ചുറപ്പുള്ള വാതായനങ്ങളായിരുന്നില്ല, നിശ്ശബ്ദതയിൽ ദൈവത്തിനു സ്‌തുതി പാടുന്ന കാലികളായിരുന്നു.
ഇല്ലായ്‌മയുടെ നിറവിൽ പിറന്നുവീണ പുൽക്കുട്ടിലെ ദൈവം ഇന്നും ഒരു ഓർമ്മയും ഓർമ്മപ്പെടുത്തലുമായി നമുക്കു മുൻപിൽ ഉയർന്നു നിൽക്കുകയാണ്. പഞ്ചഭൂതങ്ങൾക്കുമേൽ സർവാധിപത്യവും ഉണ്ടായിരുന്നിട്ടും എല്ലാം സാധ്യമാക്കുന്ന അവിടുന്ന് ഇന്നും കച്ചിയിൽ പിറന്ന, ദരിദ്രരുടെ ദൈവമായിത്തന്നെ അറിയപ്പെടുന്നു. തച്ചന്റെയും തുന്നൽക്കാരിയുടെയും മകനായി അറിയപ്പെടാനും അവിടുന്ന് മടിച്ചില്ല. അത്ഭുതം പ്രവർത്തിച്ചു കൊണ്ടൊന്നുമല്ല അവിടുന്ന് അന്നന്നപ്പത്തിനു വകതേടിയത്. അധ്വാനിച്ചും അലഞ്ഞും ഒടുവിൽ സ്വയം നൽകിയും നമ്മിൽ അലിഞ്ഞുചേരുന്ന നമ്മുടെ ദൈവമായി ക്രിസ്തു നമ്മോടൊപ്പം, നമ്മിൽ ജീവിക്കുന്നു.
ഹാപ്പി (ക്രിസ്മസ്
സ്നേഹപൂർവം
സി. നിമിഷ സി.എസ്.എൻ.