Wednesday, January 22, 2025

‘ഡിങ്ക് കപ്പിൾസ്’ ചില ആശങ്കകൾ

ശീതൾ ജോസഫ്

ചെറുപ്പക്കാർ കുറവും പ്രായമേറിയവർ അധികവുമുള്ള ഒരു ലോകത്ത് ഉല്പ്‌പാദിപ്പിക്കപ്പെടുന്ന ഉല്പ‌ന്നങ്ങൾ ഒക്കെയും ആര്മേടിക്കും? നിങ്ങൾക്ക് പ്രായമാകുമ്പോൾ നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പെൻഷനും മറ്റ് സാമൂഹ്യ ആനുകുല്യങ്ങൾക്കും ആര് നികുതി അടയ്ക്കും?

പണ്ടൊക്കെ എട്ടും പത്തും കുഞ്ഞുങ്ങളുണ്ടായിരുന്നു ഓരോ വീടുകളിലും. പിന്നീട് കുടുംബാസൂത്രണത്തിൻ്റെ ചുവടുവച്ചു കൊണ്ടും മറ്റും കുഞ്ഞുങ്ങളുടെ എണ്ണം ഒന്നും രണ്ടുമായി ചുരുങ്ങി. കത്തോലിക്കർക്കിടയിൽ ജനനനിരക്ക് ഇത്തരത്തിൽ ആശങ്കാജന കമാംവിധം കുറഞ്ഞപ്പോൾ പിൽക്കാലത്ത് പ്രോ-ലൈഫ് മൂവ്‌മെൻറ് കേരളസഭയിലും സജീവമാവുകയും അബോർഷന് എതിരെയും കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കേണ്ടതിന്റെ അനിവാര്യതയ്ക്കുമായും അവർ നിലകൊണ്ടു. എന്നാൽ, ഇന്ന് കേരളത്തിലുൾപ്പെടെ കണ്ടുവരുന്ന ഒരു പുതിയ ട്രെൻഡ് ആണ് ‘ഡിങ്ക് (DINK-Double Income No Kids) കപ്പിൾസ്’ എന്ന ജീവിതരീതി. ഭാര്യയും ഭർത്താവും ജോലി ചെയ്ത് അതിൽനിന്നു കിട്ടുന്ന ഇരട്ടി വരുമാനവും, എന്നാൽ, കുഞ്ഞുങ്ങൾ വേണ്ട എന്ന ഒരു ആശയവുമാണ് ഇതിന്റെ കാതൽ. ഈയടുത്ത് ടി.വി.യിൽ കണ്ട ഒരു പരസ്യത്തിൽ നിന്ന് കുഞ്ഞുങ്ങൾ വേണ്ട എന്നു തീരുമാനിക്കുന്ന സ്ത്രീകളെ നിങ്ങൾ എന്ത് വിളിക്കും എന്നു ചോദിക്കുന്ന യുവതിയോട് ‘അത് അവരുടെ ചോയ്സ്’ (we call it as their choice) എന്ന് മറുഭാഗത്ത് നിന്ന് ഉത്തരം നല്‌കുന്ന മുതിർന്ന ഒരു വ്യക്തിയെ കാണാം. നമ്മുടെ ഈ ലോകം അത്രയേറെ പുരോഗമന ചിന്തയിലേക്ക് എത്തി എന്നത് തീർത്തും സ്വാഗതാർഹമാണ്. കാരണം കുഞ്ഞുങ്ങളെ സ്വീകരിക്കുന്നതിൽ സ്ത്രീയുടെ തീരുമാനത്തിനുംകൂടെ വിലകല്‌പിക്കുന്ന ഒരു നല്ല സമൂഹം രൂപപ്പെടുന്നു. കുഞ്ഞുങ്ങൾ വേണോ വേണ്ടയോ എന്നത് പൂർണ്ണമായും ദമ്പതികൾ “ഒന്നിച്ച്” മാത്രം എടുക്കേണ്ട തീരുമാനമാണു താനും.

1980-കളിൽ കാണപ്പെട്ടു തുടങ്ങിയ ഈ ജീവിത രീതിക്ക് പിന്നീട് ടിക്-ടോക് മുതലായ പ്ലാറ്റ്ഫോമിലൂടെ വൻ പ്രചാരണം ലഭിച്ചു. ഡിങ്ക് കപ്പിൾസ് തങ്ങളുടെ ആഡംബരപൂർണ്ണമായ ജീവിതരീതിയെപ്പറ്റി ഇതിൽ പങ്കുവച്ചു. രക്ഷകർതൃത്വത്തെക്കാൾ കരിയർ വികസനം, വ്യക്തിസ്വാതന്ത്ര്യം, സാമ്പത്തിക സ്ഥിരത എന്നിവയ്ക്ക് ഇവർ മുൻഗണന നല്‌കുന്നു. ജീവിതം കൂടുതൽ ആസ്വദിക്കാനും, ധാരാളം യാത്രകൾ ചെയ്യാനും, ദാമ്പത്യ ബന്ധത്തിന്റെ ആഴം കൂട്ടാനും, വളർത്തുമൃഗങ്ങളുടെ രക്ഷാകർതൃത്വം ഏറ്റെടുക്കുവാനും ഈ ജീവിതരീതി തങ്ങളെ സഹായിക്കുന്നതായി അവർ സാക്ഷ്യപ്പെടുത്തുന്നു. ഒരു കുട്ടിയുടെ ഷെഡ്യൂളിന്റെ നിയന്ത്രണങ്ങളില്ലാതെ ജീവിക്കാൻ കഴിയും എന്നതാണ് ഇതിൻ്റെ ആകർഷണം എന്നവർ പറയുന്നു.

ആഗോള ഫെർട്ടിലിറ്റി നിരക്ക് കുറയുന്നു!

എന്നാൽ, ഈ ജീവിത രീതിയോട് കൂട്ടി വായിക്കുകയും ചർച്ച ചെയ്യപ്പെടേണ്ടതുമായ വിഷയമാണ് കുറയുന്ന ജനന നിരക്ക് എന്ന ആഗോള പ്രതിഭാസം. ഈയടുത്ത് ലാൻസെറ്റ് (Lancet) ജേർണലിൽ വന്ന റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 70 വർഷത്തിനുള്ളിൽ ആഗോള ടി.എഫ്.ആർ (Total Fertil- ity Rate) ഏതാണ്ട് പകുതിയായി; അതായത് 1950- ൽ ഓരോ സ്ത്രീക്കും ഏകദേശം 5 കുട്ടികൾ ജനിക്കുന്നതിൽ നിന്ന് 2021-ൽ ശരാശരി 2.2 കുട്ടികളായി. നമുക്കറിയാവുന്നതുപോലെ ഏതൊരു രാജ്യത്തിന്റെയും ജനസംഖ്യയെ മാറ്റി സ്ഥാപിക്കണമെങ്കിൽ (replacement rate) അതിന്റെ ജനന നിരക്ക് കുറഞ്ഞത് 2.1 ആയിരിക്കണം. എന്നാൽ, കണക്കുകൾ പ്രകാരം 2100 ആകുമ്പോഴേക്കും ലോകത്തിലെ 204 രാജ്യങ്ങളും പ്രദേശങ്ങളും (territories) എടുത്താൽ അതിൽ വെറും 6 രാജ്യങ്ങൾക്ക് മാത്രമാണ് ടി.എഫ്.ആർ 2.1-ൽ കൂടുതലായി പ്രതീക്ഷിക്കുന്നത്. ലോകം കൂടുതൽ ചെറുതും പ്രായവും ആകും എന്ന് സാരം!

കുറഞ്ഞ ജനസംഖ്യ എല്ലാ അർഥത്തിലും തങ്ങളുടെ സമ്പദ്വ്യവസ്ഥയ്ക്ക് അനുകൂല സാഹചര്യമൊരുക്കുമെന്ന് കരുതിയിരുന്ന ചൈന പോലും അവരുടെ വൺ ചൈൽഡ് പോളിസിയിൽ നിന്നും പിന്മാറി മൂന്ന് കുട്ടികൾവരെ ദമ്പതികൾക്ക് ആകാം എന്ന് അനുവദിച്ചത് ഈ അടുത്താണ്. പ്രായമായവരുടെ സംഖ്യ അധികമുള്ള യൂറോപ്പ് രാജ്യങ്ങളും മറ്റും കൂടിയേറ്റത്തെ ഒരു താല്‌കാലിക പരിഹാരമായി കാണുമ്പോഴും വർധിച്ചു വരുന്ന കുടിയേറ്റം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും മറ്റും ലണ്ടൻ അടക്കമുള്ള നഗരങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത് നാം ഈയിടെ കാണുകയുണ്ടായി. ഇന്ന് ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു ശതമാനവും ചെറുപ്പക്കാരും ജോലി ചെയ്യാൻ പ്രായത്തിലുള്ളവരുമാണ്. എന്നാൽ, 2100 ആകുമ്പോഴേക്കും ഇന്ത്യയുടെ ജനന നിരക്ക് 1.04 എത്തും എന്നത് ഞെട്ടിക്കുന്നതാണ്.

പുതിയ ജീവനുകളെ അനുവദിക്കാതെ നാം മുന്നോട്ടു പോകുമ്പോൾ ലോകത്തിന് കൂടുതൽ അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടുന്നു എന്ന തോന്നലുണ്ട് നമ്മിൽ പലർക്കും. അങ്ങനെയാ ണേൽ ഇവിടെ പ്രസക്തമായ ചില ചോദ്യങ്ങളുണ്ട്. ചെറുപ്പക്കാർ കുറവും പ്രായമേറിയവർ അധികവുമുള്ള ഒരു ലോകത്ത് ഉല്പ്‌പാദിപ്പിക്കപ്പെടുന്ന ഉല്പന്നങ്ങൾ ഒക്കെയും ആര് മേടിക്കും? നിങ്ങൾക്ക് പ്രായമാകുമ്പോൾ നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പെൻഷനും മറ്റ് സാമൂഹ്യ ആനുകൂല്യങ്ങൾക്കും ആര് നികുതി അടയ്ക്കും? ജനങ്ങളാണ് യഥാർഥ സമ്പത്ത് എന്ന തിരിച്ചറിവിലേക്ക് നാം ഇനി എന്ന് എത്തും!

ദൈവഹിതപ്രകാരമാകട്ടെ തീരുമാനങ്ങൾ

രബീന്ദ്രനാഥ് ടാഗോറിൻ്റെ വാക്കുകളിൽ “ഓരോ കുഞ്ഞിന്റെയും ജനനം ദൈവം ഇപ്പോഴും മനുഷ്യനെ സ്നേഹിക്കുന്നു എന്ന പ്രത്യാശ നല്കുന്നു”. ഇന്ന് സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയ joyful 6 എന്ന പേരിൽ പാട്ടുകൾ പാടുന്ന ആറ് കുഞ്ഞു സഹോദരങ്ങൾ അടങ്ങിയ തൃശ്ശൂർ ഉള്ള ഈ കുടുംബത്തെ അറിയാത്ത മലയാളികളില്ല. ഓരോ വിശേഷാവസരങ്ങളിലും ഈ കുഞ്ഞുങ്ങൾ ഇറക്കുന്ന ആൽബത്തിനായി ഒരു വലിയ സമൂഹംതന്നെ കാത്തിരിക്കാറുണ്ട്. കൂടുതൽ കുഞ്ഞുങ്ങൾ കൂടുതൽ കുടുംബ ഭദ്രതയും ആനന്ദവും നല്‌കുന്നു എന്ന് ഇവരടക്കമുള്ളവരുടെ ജീവിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കത്തോലിക്കാ സഭയിൽ വിവാഹം എന്ന കൂദാശയുടെ ലക്ഷ്യങ്ങളിൽ ഒന്ന് സൃഷ്ടികർമ്മത്തിൽ പങ്കാളിയാവുക എന്നതാണ്.

ദാമ്പത്യജീവിതത്തെപ്പറ്റി ആധികാരികമായി ബിഷപ്പ് ഫുൾട്ടൺ ജെ. ഷീൻ രചിച്ച ഒരു പുസ്‌തകമാണ് “വിവാഹിതരാകാൻ മൂന്നുപേർ’ (three to get married). വിവാഹിതരാകാൻ രണ്ടുപേർ മാത്രം പോരാ; മൂന്നാമതൊരാൾ അതായത് ദൈവം കൂടി വേണം എന്നതാണ് ഈ ഗ്രന്ഥത്തിന്റെ കാതലായ ആശയം. ഭർത്താവിന്റെ ശക്തി ക്ഷയിക്കുമ്പോഴും ഭാര്യയുടെ സൗന്ദര്യം മങ്ങുമ്പോഴും ദമ്പതിമാർ സന്തോഷത്തോടെ ജീവിതം തുടരണമെങ്കിൽ അവർ ദൈവസ്നേഹത്താൽ നയിക്കപ്പെടണമെന്ന് ഗ്രന്ഥകർത്താവ് പറഞ്ഞുവയ്ക്കുന്നു.

അങ്ങനെയെങ്കിൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന വിഷയത്തിലും ഈ മൂന്നാമത്തെ വ്യക്തിയെ അതായത് ദൈവത്തെ നാം സമീപിക്കേണ്ട; അവന് പറയാൻ ഉള്ളതു കൂടി കേൾക്കേണ്ടേ? കുഞ്ഞുങ്ങളെ വേണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും ചോയ്‌സ് ആണെങ്കിലും കത്തോലിക്കാ വിശ്വാസധാരയുടെ അടിസ്ഥാനത്തിൽ ദൈവത്തോടും കൂടി ചോദിച്ചിട്ടാവട്ടെ നാം എടുക്കുന്ന ഇത്തരത്തിലുള്ള സുപ്രധാന തീരു മാനങ്ങൾ.

Related Articles