ദൈവം മനുഷ്യനെ അനശ്വരതയ്ക്കുവേണ്ടി സൃഷ്ടിച്ചു; തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മ്മിച്ചു (ജ്ഞാനം 2:33). മനുഷ്യനെക്കുറിച്ച് ഇതിലും സുന്ദരമായ ഒരു ഭാഷ്യം വേറെ എവിടെയെങ്കിലുമുണ്ടോ എന്നറിയില്ല. ശരീരത്തെ ആത്മാവിന്റെ വസ്ത്രമായി കാണുന്നുണ്ട് ഭാരതീയ പാരമ്പര്യത്തില്‍. കുറെക്കൂടി ആഴമേറിയതാണ് ലെബനീസ് എഴുത്തുകാരനായ മിഖായേല്‍ നെയ്മിയുടെ നിര്‍വചനം. പിള്ളക്കച്ചകളാല്‍ പൊതിഞ്ഞ ദൈവമാണു മനുഷ്യന്‍. ‘ദ ബുക് ഓഫ് മിര്‍ദാദ്’ എന്ന പ്രസിദ്ധ ഗ്രന്ഥത്തിലാണ് ഇങ്ങനെ പറഞ്ഞു വയ്ക്കുന്നത്. പിള്ളക്കച്ചകള്‍ക്ക് ചെറിയൊരു വിശദീകരണവും നല്കുന്നു: കാലം ഒരു പിള്ളക്കച്ച, മാംസവും പിള്ളക്കച്ച, ഇന്ദ്രിയങ്ങളും അവയാല്‍ അറിയാനൊക്കുന്ന സകലതും പിള്ളക്കച്ചകള്‍. സ്വര്‍ഗത്തിന്റെ ഒരു തുണ്ടുമായി ഭൂമിയില്‍ വന്നുപിറന്ന നമ്മുടെ മേലുള്ള പൊതിച്ചിലുകള്‍ മാത്രമാണവ. അവയെല്ലാം ഭൂമിയിലുപേക്ഷിച്ചുവേണം ഭൂമിയില്‍ നിന്ന് കടന്നുപോകാന്‍.
എന്നാല്‍, ഈ പിള്ളക്കച്ചകളാണ് ഞാന്‍ എന്നു വിചാരിച്ച് അവയില്‍ മാത്രം ശ്രദ്ധയൂന്നി പലപ്പോഴും നമ്മള്‍ മുന്നോട്ടുപോകുന്നു. അങ്ങനെ സ്വന്തം ഔന്നത്യത്തെക്കുറിച്ച് അവബോധമില്ലാതെ അലയേണ്ടിവരുന്നു.അടുത്തനാളില്‍ പുറത്തുവന്ന വിചിത്രമായൊരു തട്ടിപ്പുവാര്‍ത്തയാണ് ഇപ്പോളിത് വീണ്ടുമോര്‍മ്മിക്കാന്‍ കാരണം. ഇസ്രായേല്‍ നിര്‍മ്മിത ‘ടൈം മെഷീന്‍’ ഉപയോഗിച്ച് ചെറുപ്പം തിരിച്ചുപിടിക്കാമെന്നു വാഗ്ദാനം നല്കി യു.പി. സ്വദേശികളായ ദമ്പതികള്‍ 35 കോടി രൂപ പലരില്‍ നിന്നും തട്ടിയെടുത്തുവെന്നായിരുന്നു ആ വാര്‍ത്ത. ഈ മെഷീന്‍ ഉപയോഗിച്ചുള്ള ഹൈപ്പര്‍ ബാരിക് ഓക്‌സിജന്‍ തെറാപ്പിയിലൂടെ മാസങ്ങള്‍ക്കുള്ളില്‍ 65 വയസ്സുള്ളവരെ 25 കാരാക്കി മാറ്റാം എന്നായിരുന്നു വാഗ്ദാനം. ഇതറിഞ്ഞ് സ്ത്രീ പുരുഷഭേദമില്ലാതെ ആളുകള്‍ ഇടിച്ചുകേറി. 6000 മുതല്‍ 90,000 വരെയുള്ള പാക്കേജുകളുണ്ടായിരുന്നുവത്രേ.
പണച്ചെലവേറിയാലും ചെറുപ്പമാകാമല്ലോ എന്നാശിച്ച് ഓടിക്കൂടിയവരില്‍ കൂടുതലും പ്രായമേറിയവരായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ആയുസ്സ് വരദാനമായുള്ളവര്‍ക്ക് വാര്‍ധക്യം ഒരനിവാര്യതയാണ്.അതിനെഒഴിവാക്കാനും യൗവ്വനം പരമാവധി പിടിച്ചുനിര്‍ത്താനുമൊക്കെ ശ്രമിച്ചതുകൊണ്ട് ശാശ്വതമായ ഒരു പരിഹാരമാകുന്നില്ല എന്നവര്‍ മറന്നു. പുറമെയുള്ള ഘടകങ്ങളല്ല നമ്മുടെ മൂല്യം നിര്‍ണയിക്കുന്നത് എന്ന തിരിച്ചറിവാണാവശ്യം. പുരാണത്തിലെ യയാതിയെ ഓര്‍ത്തു. രാജാവാണ്. ഒരു ശാപം അയാളെ നേരത്തേ വൃദ്ധനാക്കി. അതു താങ്ങാനാവാതെ സ്വന്തം പുത്രന്മാരിലൊരുവനായപുരുവില്‍നിന്ന്അ യാള്‍ യൗവ്വനം ചോദിച്ചുവാങ്ങി.പകരം അച്ഛന്റെ വാര്‍ധക്യം സ്വീകരിച്ച ആ യുവാവ് വനവാസത്തിനു പോയി. എന്നാല്‍, ഒരിക്കല്‍ സ്വര്‍ഗം സന്ദര്‍ശിക്കാനിടയായ യയാതിപുരുവിനെ തിരികെ വിളിച്ച്, രാജ്യഭരണം ഏല്പിച്ച് വൈകുണ്ഠത്തിലേക്ക് യാത്രയായി എന്നാണ് ആ കഥ.
അതെ, നിത്യതയുടെ ഒരു താക്കോല്‍ക്കാഴ്ചയെങ്കിലും കിട്ടുന്ന ഒരാളെ ഭൂമിയിലെ ഒരു സൗഭാഗ്യത്തിനും മോഹിപ്പിക്കാനാവില്ല. പൗലോസിനെപ്പോലെ ബാക്കിയുള്ളതെല്ലാം ‘ഉച്ഛിഷ്ടംപോലെ’ യാണയാള്‍ക്ക്. വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതത്തില്‍ നിന്ന് ഒരേട്: ഒരിക്കല്‍ മഠത്തിന്റെ ആവൃതിക്കുള്ളിലെഅരണ്ടവെളിച്ചത്തില്‍ വയോധികയായ ഒരു സന്ന്യാസിനിയെ പരിചരിക്കുകയാണ് അവള്‍. ആ ജോലി അവള്‍ക്കത്ര എളുപ്പവുമായിരുന്നില്ല.അപ്പോഴാണ്ദീപാലംകൃതമായ ഒരു വിനോദശാലയും അവിടെ നടക്കുന്ന സംഗീതവും നൃത്തവും ആഹ്ലാദാരവങ്ങളും അവളുടെ കണ്‍മുമ്പില്‍ തെളിഞ്ഞത്.
സത്യത്തിന്റെ പ്രഭയാല്‍ ദീപ്തമാക്കപ്പെട്ട അവളുടെ മനസ്സിന് പക്ഷേ, ആ പ്രാപഞ്ചിക ആഡംബര പ്രഭ ഇരുണ്ട ശോഭയായിട്ടാണ് അനുഭവപ്പെട്ടത്. അത്തരം ഭൗമിക സന്തോഷങ്ങള്‍ ആയിരംവര്‍ഷം നല്കാമെന്ന് പറഞ്ഞാലും തന്റെ ക്ലേശകരമായ ഈ പത്തുമിനിട്ട് അതിനുവേണ്ടി വച്ചുമാറില്ല എന്നാണവള്‍ കുറിക്കുന്നത്. ഈ ‘വിഡ്ഢിത്തം’ മനസ്സിലാക്കാന്‍ വെറും കണ്ണുകള്‍ പോരാ വാനവനയനങ്ങള്‍ വേണം. തന്റെ ദൈവികമായ ഔന്നത്യത്തെ തിരിച്ചറിയുക എന്നതാണ് മനുഷ്യനു ലഭിക്കുന്ന ഏറ്റം വലിയ തിരിച്ചറിവ്. ആത്മാവിനോളം പ്രധാനപ്പെട്ടതല്ല ശരീരം എന്നവര്‍ക്കറിയാം. അഷ്ടവക്രനെക്കാളധികം ഒടിഞ്ഞുനുറുങ്ങിയ ശരീരമായിരുന്നിട്ടും ഈ ശരീരം ഇങ്ങനെതന്നെ ഇരുന്നാല്‍ മതി, എനിക്ക് ഈശോയുണ്ടല്ലോ എന്ന് പുഞ്ചിരിയോടെ പറയുന്ന ആ ചെറുപ്പക്കാരന്റെ ഔന്നത്യം നമുക്കെങ്ങനെ അളന്നെടുക്കാനാകും.
അനശ്വരതയെ തിരിച്ചറിയാനുള്ള വെളിച്ചമുദിച്ചാല്‍ നമ്മുടെ എത്രയോ സങ്കടങ്ങള്‍ക്കു പരിഹാരമായേനെ. എത്രയോ അപകര്‍ഷതകള്‍ മാഞ്ഞുപോയേനെ. ഇത്രയേറെ ബ്യൂട്ടിക്ലിനിക്കുകളും ഇവിടെ ഉയരുമായിരുന്നില്ല. ബാഹ്യഘടകങ്ങളല്ല നമ്മുടെ മൂല്യം നിര്‍ണയിക്കുന്നത്. രത്തന്‍ ടാറ്റയുടെ മരണവാര്‍ത്ത അറിഞ്ഞതിനു ശേഷമാണ് ഈ കുറിപ്പ് എഴുതാനിരുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ വ്യവസായി.
എങ്ങനെയാണ് അദ്ദേഹം മനുഷ്യരെ ഇത്രമേല്‍ സ്വാധീനിച്ചത്. അതദ്ദേഹം സുന്ദരനും സമ്പന്നനുമായതുകൊണ്ടാണോ? അല്ലേയല്ല. ധാര്‍മ്മിക മൂല്യങ്ങളില്‍ അടിയുറച്ച നിലപാടുകളും സഹജീവികളോടുള്ള സഹാനുഭൂതിയും കൊണ്ടായിരുന്നു. ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മിക്കുന്നു. താങ്കള്‍ക്ക് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷമനുഭവപ്പെട്ട സന്ദര്‍ഭമേതാണെന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. സന്തോഷത്തിന്റെ നാലു ഘട്ടങ്ങളിലൂടെ താന്‍ കടന്നുപോയിട്ടുണ്ടെന്നും നാലാമത്തെ ഘട്ടത്തിലാണ് യഥാര്‍ഥ സന്തോഷം അനുഭവിച്ചതെന്നുമായിരുന്നു മറുപടി. പണം, വിലപിടിപ്പുള്ള വസ്തുക്കള്‍, വലിയവ്യവസായി… ഇവയായിരുന്നു ആദ്യത്തെ മൂന്നുഘട്ടങ്ങള്‍. പക്ഷേ, അവിടെ സന്തോഷം കിട്ടാക്കനിയായി നിന്നു. ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് ആവശ്യപ്പെട്ടതനുസരിച്ച് ഭിന്നശേഷിക്കാരായ 200 കുട്ടികള്‍ക്ക് വീല്‍ചെയര്‍ വാങ്ങിനല്കി. അവ വിതരണം ചെയ്യുന്നതിനിടെ ആ കുഞ്ഞുമുഖങ്ങളില്‍ വിരിഞ്ഞ സന്തോഷവും കണ്ണുകളിലെ തിളക്കവും കണ്ട് പറഞ്ഞറിയിക്കാനാകാത്ത ഒരാനന്ദം എന്നില്‍ നിറഞ്ഞു. തിരിച്ചിറങ്ങുമ്പോള്‍ ഒരു കുട്ടി എന്റെ കാലില്‍ പിടുത്തമിട്ടു. അവനെന്തെങ്കിലും ആവശ്യമുണ്ടോ എന്നറിയാന്‍ ഞാനവനു നേരെ കുനിഞ്ഞു. അവനെന്റെ മുഖത്തു സൂക്ഷിച്ചുനോക്കിയിട്ടു പറഞ്ഞു: എനിക്കു താങ്കളുടെ മുഖം ഓര്‍ത്തുവയ്ക്കണം. നാളെ സ്വര്‍ഗത്തില്‍വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോള്‍ വീണ്ടും എനിക്കു താങ്കളോടു നന്ദി പറയാനാണ്.” ഇത്രയും പറഞ്ഞ് രത്തന്‍ ടാറ്റ പറഞ്ഞു:
പണം, അധികാരം, പ്രശസ്തി ഇവയിലൊന്നുമല്ല യഥാര്‍ഥ സന്തോഷം. മറിച്ച് മറ്റുള്ളവരെ ചേര്‍ത്തുപിടിക്കുന്നതിലാണ്. നവംബര്‍ നമ്മെ നിത്യതയെക്കുറിച്ചാണോര്‍മ്മിപ്പിക്കുന്നത്. നമുക്കിവിടെ സ്ഥിരമായൊരു നിലനില്പില്ലെന്നും, സ്വര്‍ഗത്തിലാണ് നമ്മുടെ പൗരത്വം എന്നും ഓര്‍മ്മിക്കുന്ന ദിനങ്ങള്‍. ഭൂമിയിലെ ഒരു സന്തോഷവും അനുഭവിക്കേണ്ട എന്നല്ല, കടന്നുപോകുന്നതും നിലനില്ക്കുന്നതുമായ ആഹ്ലാദങ്ങളെക്കുറിച്ച് ഒരു തിരിച്ചറിവുണ്ടാകണമെന്നുമാത്രം. അതിനാല്‍ പ്രാര്‍ഥിക്കുന്നെങ്കില്‍ ഈ ഒറ്റക്കാര്യത്തിനുവേണ്ടി പ്രാര്‍ഥിക്കുക. തിരിച്ചറിവിനുവേണ്ടി.
സ്‌നേഹപൂര്‍വം
സി. ശോഭ സി.എസ്.എന്‍.