Wednesday, January 22, 2025

പെന്‍ഡിംഗ് കോഫി

ഓപ്പറേഷന്‍ സുലൈമാനി എന്ന പദം നമുക്ക് പരിചയമായി വരുന്നേയുള്ളൂ. എന്നാല്‍, കോഴിക്കോടുകാര്‍ക്ക് അങ്ങനെയല്ല. നഗരത്തിലാരും പട്ടിണികിടക്കരുതെന്ന സ്‌നേഹശാഠ്യത്തില്‍ കളക്ടര്‍ എന്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണിത്- ഓപ്പറേഷന്‍ സുലൈമാനി. ദരിദ്രരെക്കുറിച്ച് കരുതലുള്ള നാട്ടുകാര്‍ നല്കുന്ന സംഭാവനകൊണ്ട് ഭക്ഷണകൂപ്പണ്‍ ആവശ്യക്കാര്‍ക്കു നല്‍കുന്നു. വില്ലേജ് ഓഫീസുകളും കളക്ടറേറ്റും കോഴിക്കോട് പ്രസ്‌ക്ലബ്ബും വഴി വിതരണം ചെയ്യുന്ന ഫുഡ് കൂപ്പണുമായി നഗരപരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട 50 ഹോട്ടലുകളില്‍ ഏതെങ്കിലുമൊന്നില്‍ ചെന്നാല്‍ മാന്യമായ ഭക്ഷണം ലഭിക്കും. ഭക്ഷണപ്പൊതി കളഞ്ഞുപോയ കുട്ടി തുടങ്ങി വിശക്കുന്ന ആര്‍ക്കും എന്തൊരനുഗ്രഹമാണത്!

വിദേശത്ത് നേരത്തെതന്നെ നിലനില്ക്കുന്ന ഒരു പതിവാണിത്. ഇറ്റലിയിലെ നേപ്പിള്‍സിലാണ് ദരിദ്രരെക്കുറിച്ച് ഇത്തരത്തിലുള്ള കരുതലിന്റെ ആരംഭം. ‘പെന്‍ഡിംഗ് കോഫി’ എന്നാണതിനു പേര്. തങ്ങള്‍ക്കാവശ്യമുള്ളതില്‍ കൂടുതല്‍ ഓര്‍ഡര്‍ ചെയ്തിട്ട് മുഴുവന്‍ പണവും നല്‍കുന്നു. ഉദാഹരണത്തിന് രണ്ടുപേര്‍ ചായ കുടിക്കാനെത്തിയാല്‍ അഞ്ചു ചായ ചിലപ്പോള്‍ ഓര്‍ഡര്‍ ചെയ്യും. മൂന്നു ചായ പെന്‍ഡിംഗ്. ആ പെന്‍ഡിംഗ് കോഫി തേടി ഒരു വയോധികന്‍ അല്ലെങ്കില്‍ ഒരു ദരിദ്രന്‍ വൈകാതെ അവിടെയെത്തും. അവര്‍ക്കു വേണ്ടിയാണത്.

ആ നന്മയാണു പുളിമാവുപോലെ പതുക്കെപ്പതുക്കെ നമ്മുടെ നാട്ടിലും പടരുന്നത്. ദേ, കോഴിക്കോടിന്റേതിന് സമാനമായ ചില കാര്യങ്ങള്‍ ഇപ്പോള്‍ കൊച്ചിയിലുമുണ്ട്. നിരന്തരമായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന നല്ലതല്ലാത്ത വാര്‍ത്തകള്‍ക്കിടയില്‍ വല്ലപ്പോഴും കേള്‍ക്കുന്ന ഈ നല്ല കാര്യങ്ങള്‍ എന്തൊരു തണുപ്പാണു മനസിനു നല്കുന്നത്? നിരാലംബരെ കരുതേണ്ടത് തങ്ങളുടെയും ഉത്തരവാദിത്വമാണെന്നു കരുതുന്ന മനുഷ്യരില്‍ നിന്നാണ് ഇത്തരം നന്മകള്‍ പൊടിക്കുന്നത്. ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നു തിരിച്ചറിവുള്ള മനുഷ്യര്‍. മനുഷ്യന് ഒറ്റയ്‌ക്കൊരു നിലനില്പില്ലല്ലോ. ഒറ്റനോട്ടത്തില്‍ തുരുത്തുകളെപ്പോലെ തോന്നിയാലും വൃക്ഷങ്ങളെക്കുറിച്ചു പറയുന്നതുപോലെ നമ്മുടെ വേരുകള്‍ തമ്മില്‍ പിണഞ്ഞുകിടക്കുന്നു. അല്ലെങ്കില്‍ എന്തിനാണ് ആരുടെയോ ഒരു കുഞ്ഞ് മരിച്ച വാര്‍ത്ത വായിച്ച് നമ്മുടെ മിഴികളിങ്ങനെ തുളുമ്പുന്നത്. ദൈവസന്നിധിയില്‍പോലും നമ്മള്‍ തനിച്ചല്ല. എത്രയോ പേരുടെ ഓര്‍മകളുമായാണ് നമ്മളിവിടെ… ഒടുവിലത്തെ ആ വിധിയില്‍പ്പോലും നമ്മള്‍ ദൈവത്തിനുവേണ്ടി ചെയ്ത കാര്യങ്ങളല്ല, മനുഷ്യര്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങളാണു പരിഗണിക്കുന്നത്. മനുഷ്യനുവേണ്ടി ചെയ്യുന്നത് തനിക്കു ചെയ്തുതന്നതായി അവിടുന്നു കരുതുന്നു, നേരെ മറിച്ചും.

ആരും അവരവരുടെ മാത്രം ലോകത്തു കുരുങ്ങിപ്പോകരുതെന്ന ഓര്‍മ്മപ്പെടുത്തല്‍ പഴയനിയമത്തില്‍ തന്നെയുണ്ട്. ദശാംശം നല്കണമെന്ന നിര്‍ദ്ദേശമൊക്കെ അതിനുദാഹരണമാണ്. കുറേക്കൂടി പ്രായോഗികവും ഹൃദ്യവുമായ നിര്‍ദ്ദേശങ്ങള്‍ നിയമാവര്‍ത്തന ഗ്രന്ഥത്തിലുണ്ട്. ‘നിന്റെ വയലില്‍ വിളവു കൊയ്യുമ്പോള്‍ ഒരു കറ്റ അവിടെ മറന്നിട്ടു പോന്നാല്‍  അതെടുക്കാന്‍ തിരികെ പോകരുത്. അതു പരദേശിക്കും അനാഥനും വിധവയ്ക്കുമുള്ളതാണ്.’ മുന്തിരിത്തോട്ടത്തിലെ പഴം ശേഖരിക്കുമ്പോള്‍ കാല പെറുക്കരുതെന്നാണ് മറ്റൊരു നിര്‍ദ്ദേശം (നിയമാവര്‍ത്തനം 24:19-21). പിന്നീട് വയലിലെത്തുന്ന ദരിദ്രന് ആരാണു തനിക്കുവേണ്ടി  അങ്ങനെയൊരു കനിവു കാണിച്ചതെന്നറിയാതെ തന്നെ തനിക്കാവശ്യമുള്ളതു ലഭിക്കുന്നു എന്ന നന്മയതിലുണ്ട്. ഗോതമ്പിന്റെ വിളവെടുക്കുമ്പോഴും ദരിദ്രനോടുള്ള കരുതലെന്ന നിലയില്‍ കാലപെറുക്കരുതെന്ന് അവിടുന്ന് നിര്‍ദ്ദേശിക്കുന്നു. കാലപെറുക്കുന്നയാള്‍ക്ക് ആവശ്യത്തിന് കതിര്‍ കിട്ടുവാന്‍ മനപൂര്‍വ്വം ഉപേക്ഷിക്കുന്നവരും അക്കൂട്ടത്തിലുണ്ടായി കാണും. ബോവാസിന്റെ വയലില്‍ റൂത്ത് ആദ്യമായി ചെല്ലുന്നത് കാലപെറുക്കുന്നതിനാണ്. ഇവിടെ ഔദാര്യം സ്വീകരിച്ചതിന്റെ പേരില്‍ ആരുടെ മുമ്പിലും തലകുനിക്കേണ്ടി വരുന്നില്ല. സുലൈമാനിയുടെ സവിശേഷതയും അതുതന്നെ. നല്കുന്നവനാകട്ടെ ഇടതുകൈ അറിയാതെ വലതുകൈകൊണ്ട് നന്മ ചെയ്യാന്‍ കഴിയുന്ന അവസരവും. നമ്മുടെ നാട്ടിലും വേണ്ടേ ഇത്തരം സുലൈമാനികള്‍.

ഓരോരുത്തരുടെ കാര്യത്തിലും എനിക്കും ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നു തോന്നിത്തുടങ്ങുന്നിടത്താണ് ശരിയായ ആത്മീയതയുടെ പിറവി. എന്നാല്‍, എപ്പോഴും അങ്ങനെ സംഭവിക്കുന്നില്ല. ഓരോരുത്തരും ഒറ്റത്തുരുത്തുകളാണെന്ന മട്ടില്‍ അവരവരുടെ ചെറിയ ലോകത്തു കുരുങ്ങുകയാണ്. അതിനിടയിലാണു ഇത്തരം ചില സുകൃതജന്മങ്ങള്‍. വാസ്തവത്തില്‍ അങ്ങനെയുള്ളവരുടെ സാന്നിധ്യമാണ് ഭൂമിയെ ഇപ്പോഴും ജീവിക്കാന്‍ കൊള്ളാവുന്ന ഇടമാക്കി നിര്‍ത്തുന്നത്. ഇങ്ങനെ മറ്റുള്ളവരെക്കുറിച്ച് ആകുലതയുള്ള മനുഷ്യരുള്ളിടത്തോളം കാലം ഭൂമിക്കു പ്രതീക്ഷയുണ്ട്. അവരില്‍ കൂടുതലും ചെറുപ്പക്കാരാണെന്നുള്ളത് എന്തൊരു സന്തോഷം നല്കുന്ന കാര്യമാണ്. നോക്കൂ, അക്ഷയ് മുരളീധരന്‍, ടോം ജോസഫ് എന്നീ രണ്ടു വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ച ‘ദക്ഷിണ’യുടെ പ്രവര്‍ത്തനങ്ങള്‍. അനാഥരായ കുഞ്ഞുങ്ങളിലാണു അവരുടെ ശ്രദ്ധ. മറ്റുള്ളവര്‍ നല്കുന്ന വസ്ത്രം ധരിക്കാനും മുന്‍പിലെത്തുന്ന ഭക്ഷണം മാത്രം കഴിക്കാനും വിധിക്കപ്പെട്ടവരാണീ കുഞ്ഞുങ്ങള്‍. സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഭക്ഷണമോ വസ്ത്രമോ തിരഞ്ഞെടുക്കാനവസരമില്ലാത്ത കുഞ്ഞുങ്ങള്‍. ഭക്ഷണം വേസ്റ്റ് ആക്കിയും കടയില്‍ കയറിയാല്‍ വില നോക്കാതെ തങ്ങളുടെ ഇഷ്ടങ്ങള്‍ക്കുവേണ്ടി ശഠിക്കുകയും ചെയ്യുന്ന നമ്മുടെ കുഞ്ഞുങ്ങളെ ഓര്‍ക്കുമ്പോഴാണ് ആ വ്യത്യാസം മനസിലാകുക.

എന്തിന്, മനസ്സിനിണങ്ങാത്ത വസ്ത്രം ധരിക്കാന്‍ നമ്മള്‍ മുതിര്‍ന്നവര്‍ പോലും ഇഷ്ടപ്പെടുന്നില്ലല്ലോ.  അനാഥരായ കുഞ്ഞുങ്ങളുടെ പറയാത്ത ഈ നൊമ്പരങ്ങളാണ് അക്ഷയും ടോമും തിരിച്ചറിഞ്ഞത്. അവര്‍ക്കതിനൊരവസരം നല്കണമെന്ന് അവര്‍ നിശ്ചയിച്ചു. സമ്പത്തും സന്മനസ്സുമുള്ളവര്‍ക്കുവേണ്ടി ഒരു വിരുന്നു നടത്തിയാണ് അവര്‍ അതിനുള്ള തുക സമാഹരിച്ചത്. 500 രൂപയുടെ ഭക്ഷണത്തിന് ഓരോരുത്തരും 1500 രൂപ വീതം നല്കി. അങ്ങനെ കുഞ്ഞുങ്ങളുടെ ആ സ്വപ്നം പൂവണിഞ്ഞു. അതാ കുഞ്ഞുങ്ങള്‍ക്കു നല്കിയ ആഹ്ലാദം എത്ര വലുതായിരിക്കും.

ഇങ്ങനെ മറ്റുള്ളവരെക്കുറിച്ച് കരുതലുള്ളവരുടെ എണ്ണം കൂടിക്കൂടിയാണ് ഭൂമിയൊരു പറുദീസയായി മാറാന്‍ പോകുന്നത്. ആരു പറഞ്ഞു അതിന് നമുക്ക് ബാങ്ക് ബാലന്‍സ് വേണമെന്ന്? അല്പം സന്മനസ്സു മതി. മദര്‍ തെരേസയുടെ ജീവിതത്തിലെ ഒരനുഭവം ഓര്‍മിക്കുന്നു. അമ്മയുടെ അടുത്തു ഭക്ഷണം യാചിച്ചെത്തിയ ഒരു വയോധിക. ഭക്ഷണവുമായി ചേരിയിലേക്കുപോയ അവരെ അമ്മ ശ്രദ്ധിച്ചു. അവരത് തന്നെക്കാള്‍ അവശയായ മറ്റൊരാള്‍ക്കു പങ്കുവച്ചു. അവരടുത്തയാള്‍ക്ക്… അങ്ങനെയങ്ങനെ… ഓരോരുത്തരുടെയും ഉള്ളിലെ ചിരിയെ വീണ്ടെടുക്കാന്‍ ഏറ്റവും സഹായിക്കുന്നത് അവരോടുള്ള കരുതലാണ്. സ്വീകരിക്കുന്നവന്റെ ഉള്ളില്‍ മാത്രമല്ല കൊടുക്കുന്നവന്റെയുള്ളിലും അലൗകികമായൊരു ആനന്ദം ഉറവെടുക്കുന്നുണ്ട്. വാസ്തവത്തില്‍ മറ്റുള്ളവരെ കരുതുന്നതു വഴി അവരുടെ സംരക്ഷണം ഉറപ്പുവരുത്തുക മാത്രമല്ല, നമ്മള്‍ നമ്മളെത്തന്നെയാണ് കൂടുതലും സഹായിക്കുന്നത്.

ഒന്നാമതായി ദൈവസന്നിധിയില്‍ തലയെടുപ്പോടെ നില്ക്കാന്‍ കഴിയുന്നു എന്നതാണ്. ഓരോരുത്തരുടെയും ജീവിതത്തോട് ചില ജീവിതങ്ങളെക്കൂടി അവിടുന്നു ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട്. വീടിന്റെ നാലുഭിത്തിക്കുള്ളില്‍ ഒതുങ്ങുന്നവര്‍ മാത്രമല്ല അവര്‍. നിങ്ങളൊരധ്യാപകനാണെങ്കില്‍ നിങ്ങളെ ഏല്പിച്ച കുട്ടികളുടെ കാര്യം അവിടുന്ന് അന്വേഷിക്കുകയില്ലെന്ന് കരുതാമോ? ഒരു വൈദ്യനാണെങ്കില്‍ രോഗിയുടെയും. തൊഴിലുടമയ്ക്കും ആ ചോദ്യത്തില്‍ നിന്ന് ഒഴിവാനാകില്ല. വീട്ടില്‍ നമ്മളെ സഹായിക്കുന്ന അന്യനാട്ടുകാരിയായ ആ ചെറിയ പെണ്‍കുട്ടിയും അക്കൂട്ടത്തിലുണ്ട്.  അവര്‍ക്കൊക്കെ എന്തു സംഭവിച്ചുവെന്ന് അവിടുന്നു നിശ്ചയമായും ആരായും. കായേനോടു ചോദിച്ച ആ ചോദ്യം എന്നും മാനവരാശിയോടുള്ള അവിടുത്തെ അന്വേഷണമാണ്. നിന്റെ സഹോദരന്‍ എവിടെ?  ആ  അന്വേഷണത്തിന്റെ ഭാഗമായി കരുതാവുന്നതാണ് അന്ത്യവിധിയിലെ ആ ആറു ചോദ്യങ്ങള്‍. വിശക്കുന്നവനായും ദാഹിക്കുന്നവനായും നഗ്നനായും രോഗിയായും പരദേശിയായും കാരാഗൃഹവാസിയായും അവിടുന്നു ഇവിടെയൊക്കെത്തന്നെയുണ്ട്.

ഈ നിരാലംബരോടു നമ്മള്‍ പുലര്‍ത്തിയ സമീപനം എങ്ങനെയായിരുന്നു എന്നു നോക്കിയാണ് അവിടുന്നു നമ്മെ വിധിക്കാന്‍ പോകുന്നത്. ഒരു കാരണത്തിന്റെ പേരിലും ആര്‍ക്കും നമ്മുടെ സംരക്ഷണം നിഷേധിച്ചുകൂടാ. ഇസ്രായേല്‍ക്കാര്‍ക്കു ദേശങ്ങള്‍ വിഭജിച്ചു നല്കുമ്പോള്‍ ദേശത്ത് മൂന്ന് പട്ടണങ്ങള്‍ വേര്‍തിരിച്ചിടണമെന്നും അവിടേക്ക് വഴിയുണ്ടാക്കണമെന്നും ദൈവം ശഠിച്ചു. അഭയനഗരങ്ങള്‍ എന്നാണതിന് പേര്. കൊലപാതകിക്ക് ഒളിച്ചു താമസിക്കാനുള്ള ഇടമാണത്. ആര്‍ക്കറിയാം ഓരോരുത്തരും ഓരോരോ അധര്‍മ്മങ്ങള്‍ ചെയ്യുന്നതിന് പ്രേരണയാകുന്നത് എന്താണെന്ന്. കലിമൂത്ത് ആരും അയാളെ വധിച്ചുകൂടാ. സഹോദരനെ കൊന്ന കായേന്റെ നെറ്റിത്തടത്തില്‍ അവിടുന്നു മുദ്ര പതിപ്പിച്ചതെന്തിനാണെന്ന് ഓര്‍ക്കുന്നില്ലേ. അവനെ ആരും ഉപദ്രവിക്കാതിരിക്കാനാണ്. ഓരോരോ ചെറിയ ഇടര്‍ച്ചകളുടെ പേരില്‍ ജീവിക്കാന്‍ പോലും അര്‍ഹതയില്ലെന്ന വിധം അവരുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തുന്ന നമ്മുടെ രീതികളെ അവിടുന്ന് എങ്ങനെയായിരിക്കും വിധിക്കാന്‍ പോകുന്നത്. പൊലീസ് സ്റ്റേഷനുകളില്‍ മാത്രമല്ല, വീടിനകങ്ങളിലുമുണ്ട് ആനുപാതികമല്ലാത്ത ശിക്ഷകള്‍. ഒരു കുഞ്ഞ് ഒരു ഗ്ലാസ് പൊട്ടിച്ചാല്‍ എന്തിനാണ് ഇത്രയും ഉച്ചത്തില്‍ ശാസിക്കുന്നത്.

നമുക്കു നേരിട്ടുത്തരവാദിത്വമില്ലാത്തവരുടെ കാര്യത്തില്‍ പോലും നമു ക്ക് ചില ഉത്തരവാദിത്വങ്ങള്‍  ഉണ്ടെന്ന് ഓര്‍മ്മിപ്പിക്കാനാണ് ആ നല്ല  സമരിയാക്കാരന്റെ കഥ അവിടുന്നു പറഞ്ഞത്. മനുഷ്യനാണെന്ന ഒറ്റക്കാരണം കൊണ്ടുതന്നെ ആരെയെങ്കിലും കണ്ടില്ലെന്നു നടിക്കുന്നതിനു നീതീകരണമില്ല. നോക്കൂ, ഒരേയൊരു പ്രാര്‍ത്ഥനയല്ലേ അവിടുന്നു പഠിപ്പിച്ചുള്ളൂ. ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’. മനുഷ്യരെല്ലാം കരങ്ങള്‍ കോര്‍ത്തുപിടിച്ചു മാത്രം ചൊല്ലേണ്ട പ്രാര്‍ത്ഥനയാണത്. അങ്ങനെ ചൊല്ലിയപ്പോഴൊക്കെ അദൃശ്യമായ ഒരു ഊര്‍ജ്ജപ്രവാഹം പരസ്പരം ഒഴുകുന്നതായനുഭവപ്പെട്ടു. ഒരിക്കല്‍ ഒരു വൈദികന്‍ കോര്‍ത്തു പിടിച്ച കരം സ്‌നേഹപൂര്‍വ്വം ഒന്നു ചുംബിക്കാനാവശ്യപ്പെട്ടപ്പോള്‍ എത്ര പെട്ടെന്നാണ് ഒരു സാഹോദര്യം ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടത്. നമ്മുടെ പള്ളികളിലും സര്‍വമതസമ്മേളനങ്ങളിലുമൊക്കെ ആ പ്രാര്‍ത്ഥന  ഇത്ര ആദരവോടും സ്‌നേഹത്തോടും കൂടെ ചൊല്ലിയിരുന്നെങ്കില്‍ നമുക്കിടയിലെ ബന്ധങ്ങള്‍ എത്ര ദൃഢതയുള്ളതായേനെ. അല്ലാതെ അടുത്തു നില്ക്കുന്നയാളുടെ മുഖത്തുപോലും നോക്കാതെയുള്ള നമ്മുടെ സമാധാനാശംസ കൊണ്ട് എന്തു ഫലം.

രണ്ടാമതായി നമ്മള്‍ മറ്റുള്ളവരെ കരുതുന്നതുവഴി ദൈവം നമ്മെയും കരുതുവാന്‍ കടപ്പെടുന്നു. ദരിദ്രനെ സഹായിക്കുന്നവന്‍ കര്‍ത്താവിനാണു കടം കൊടുക്കുന്നതെന്ന തിരുവചനമൊക്കെ അതാണു ഓര്‍മ്മിപ്പിക്കുന്നത്. മാത്രമല്ല കൊടുക്കുന്നവന് ലഭിക്കുമെന്നാണ് അവിടുത്തെ വാഗ്ദാനം. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവിടുന്നു നമ്മുടെ മടിയിലിട്ടു തരും. ചെറിയൊരപകടം അതില്‍ പതിയിരിപ്പുണ്ട്. മോശപ്പെട്ട കാര്യങ്ങളാണ് നമ്മള്‍ കൊടുക്കുന്നതെങ്കില്‍ അതും അതേ അളവില്‍ ചിലപ്പോള്‍ കൊടുത്തതിനെക്കാള്‍ കൂടുതല്‍ തിരിച്ചുകിട്ടാന്‍ സാധ്യതയുണ്ട്.

മറ്റുള്ളവരുടെ കാര്യത്തില്‍ ചിന്തയുള്ള മനുഷ്യരെ രൂപപ്പെടുത്തുന്നതില്‍ അമ്മമാര്‍ക്കു നല്ലൊരു പങ്കുണ്ട്. കു ഞ്ഞിനു ടിഫിന്‍ കൊടുത്തുവിടുമ്പോള്‍ ആര്‍ക്കും കൊടുക്കരുതെന്ന് നിര്‍ദ്ദേശിച്ചുവിട്ടാല്‍ ആ കുഞ്ഞിനെങ്ങനെ തന്റെ കൂടെയുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ച് ശ്രദ്ധയുണ്ടാകും. വീട്ടില്‍ വരുന്ന യാചകര്‍ക്ക് കുഞ്ഞുങ്ങളെക്കൊണ്ട് കൊടുപ്പിക്കുന്ന ചില അമ്മമാരെ കണ്ടിട്ടുണ്ട്. ഒരുപദേശവുമില്ലാതെ അവരില്‍ അങ്ങനെയാണു കരുണയുടെയും സഹാനുഭൂതിയുടെയുമൊക്കെ വിത്തുകള്‍ വീഴുന്നത്. ഓരോരുത്തരും അവനവന്റെ ലോകത്തുമാത്രം വ്യാപരിച്ചിരുന്നെങ്കില്‍ ഈ ലോകത്തിന് ഇത്രയും ഭംഗിയൊന്നുമുണ്ടാകുമായിരുന്നില്ല. നമ്മള്‍ ഒരു മരം വയ്ക്കുന്നതുപോലും നമുക്കുവേണ്ടി മാത്രമല്ലല്ലോ.

കാര്യങ്ങള്‍ അവിടെയും ഒതുങ്ങാന്‍ പാടില്ല. മുഴുവന്‍ ലോകത്തെയും കുറിച്ചുള്ള ആകുലത നിലനിര്‍ത്തുകയാണു ശരിയായ ആത്മീയത. നമ്മുടെ പൂര്‍വ്വികരുടെ ആ മനോഹരമായ പ്രാര്‍ത്ഥന ഓര്‍ക്കുന്നില്ലേ – ‘ലോ കാ സമസ്താ സുഖിനോ ഭവന്തു.’ മുഴുവന്‍ ലോകത്തിനും സുഖം ഭവിക്കട്ടെ എന്നാണവര്‍ പ്രാര്‍ത്ഥിച്ചത്. നമ്മുടെ സമ്പത്ത് നമുക്കുവേണ്ടി മാത്രമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ലോകത്തിന്റെ നന്മയ്ക്കുവേണ്ടി ഇടപെട്ട മനുഷ്യരെ ചരിത്രത്തിന് ആദരവോടെ ഓര്‍മ്മിക്കാതെ വയ്യ. അവരെല്ലായിടത്തുമുണ്ട്. കലയിലും ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും എല്ലാം. അതെ, തന്റെ നാട്ടിലെ ജനത സുഖമായി ജീവിക്കാന്‍ സ്വന്തം ജീവനെത്തന്നെ ബലികഴിച്ച ആ ചെറിയ മനുഷ്യനെ നമ്മളെങ്ങനെ ഓര്‍ക്കാതിരിക്കും- മഹാത്മാഗാന്ധി!

സി. ശോഭ സി. എസ്. എന്‍.

Related Articles